കോടികൾ പാഴാക്കി കെഎസ്ആർടിസിയുടെ പാർക്കിങ് ‘സർവീസ്'



കോഴിക്കോട്:സർവീസ് കഴിഞ്ഞ ബസുകൾ ഒന്നു നിർത്തിയിടാൻ വേണ്ടി മാത്രം കഴിഞ്ഞ എട്ടു വർഷം കോഴിക്കോട് ഡിപ്പോയിലെ ബസുകൾ കുടിച്ചു തീർത്തത് 8,30,577 ലീറ്റർ ഡീസൽ, തുലച്ചത് 4,15,28,888 രൂപ ഓടിയത് 37,37,600 കിലോമീറ്റർ. നഷ്ടത്തിന്റെ ശരാശരി കണക്കാണിവ.

ചിലപ്പോൾ വർധിക്കാം, നേരിയ കുറവും സംഭവിക്കാം. 2009ൽ കെഎസ്ആർടിസിയുടെ പുതിയ ടെർമിനലിന്റെ നിർമാണം ആരംഭിച്ചതു മുതൽ ബസുകൾ നിർത്തിയിടുന്നത് പാവങ്ങാട്ടെ താൽക്കാലിക കേന്ദ്രത്തിലായിരുന്നു. കോഴിക്കോട് ഡിപ്പോയിലെ 73 ഷെഡ്യൂളുകളിലായി സർവീസ് നടത്തുന്ന 80 ബസുകൾ ദിവസവും പാർക്കിങ്ങിനും സർവീസിനുമായി പാവങ്ങാട് – കോഴിക്കോട് റൂട്ടിൽ 16 കിലോമീറ്റർ ഓടി.


കോഴിക്കോട് ഡിപ്പോയിൽ നിന്നു സർവീസ് നടത്തുന്ന സൂപ്പർ എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള 28 ബസുകളുടെ പാർക്കിങ് കോഴിക്കോട് ടെർമിനലിലേക്കു മാറ്റിയതോടെ പാർക്കിങ് ഓട്ടത്തിലെ നഷ്ടക്കണക്കിൽ കെഎസ്ആർടിസിക്കു നേരിയ നേട്ടം പ്രതീക്ഷിക്കാം. ടെർമിനലിൽ പ്ലാറ്റ്ഫോമിന് എതിർവശമുള്ള സ്ഥലത്തും അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിനു കീഴിലെ ഗാരിജിലുമാണ് ബസുകൾ നിർത്തിയിടുന്നത് . ‌


അഞ്ചു വണ്ടികൾക്കു ഗാരിജിൽ സ്ഥലമുണ്ട്. 30 ബസുകൾക്ക് അറ്റകുറ്റ പ്രവൃത്തി നടത്താനുള്ള സൗകര്യങ്ങളും ഗാരിജിൽ ഏർപ്പെടുത്തി. ആവശ്യമായ ജീവനക്കാരെയും ഇവിടേക്കു മാറ്റി.ഇതിനു പുറമെ, വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസുകൾ പൂർണമായും ടെർമിനലിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്കു മാറ്റിയതും കെഎസ്ആർടിസിയുടെ നഷ്ടക്കണക്കിൽ നേരിയ കുറവു വരുത്തും.


എന്നാൽ, ഡിപ്പോയിൽ നിന്നു സർവീസ് നടത്തുന്ന സൂപ്പർ എക്സ്പ്രസിൽ താഴെയുള്ള 52 ബസുകൾ പാവങ്ങാട് തന്നെ നിർത്തിയിടാൻ പോകുന്നതു പ്രതിദിനം 12,000 രൂപ കെഎസ്ആർടിസിക്കു നഷ്ടമുണ്ടാക്കും. 28 ബസുകൾ ഇവിടേക്കു മാറ്റിയതു മൂലമുള്ള പ്രതിദിന ലാഭം 6000 – 6500 രൂപയാണ്.ഇതുവരെയുണ്ടായ നഷ്ടം കെഎസ്ആർടിസിക്ക് ഒരു കാലത്തും നികത്തിയെടുക്കാൻ കഴിയില്ലെന്നതു മറ്റൊരു സത്യം. അതിനു പുറമെയാണ് ബസ് ടെർമിനൽ വഴി വരുമാനം ഉണ്ടാകാത്തതു മൂലമുള്ള ഭീമമായ നഷ്ടവും.

കാശു പോവുന്നതിങ്ങനെ

ഒരു ദിവസം 80 ബസുകൾ ശരാശരി ഓടിയത് 1280 കിലോമീറ്റർ. ഒരു വർഷം 4,67,200 കിലോമീറ്റർ. എട്ടു വർഷം കൊണ്ട് ഓടിയത് 37.37 ലക്ഷം കിലോമീറ്റർ. ബസുകൾക്ക് ഒരു ലീറ്റർ ഡീസലിൽ ശരാശരി 4.5 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് സങ്കൽപ്പം. അങ്ങനെ കണക്കു കൂട്ടുമ്പോൾ ഈ ദൂരമത്രയും ഓടാൻ‍ വേണ്ടി വന്നത് 8.3 ലക്ഷം ലീറ്റർ ഡീസൽ. എട്ടു വർഷത്തെ ഡീസൽ വിലയുടെ ശരാശരി 50 രൂപയായി കണക്കാക്കിയാൽ കെഎസ്ആർടിസിയുടെ പോക്കറ്റിൽ നിന്നു ചോർന്നത് 4.15 കോടി രൂപ.