ABOUT

കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തു സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ്‌ കോഴിക്കോട്.1957 ജനുവരി 1 നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടൽ, വടക്ക് കണ്ണൂർ ജില്ല & മാഹി, തെക്ക് മലപ്പുറം ജില്ല എന്നിവയാണ്‌ ജില്ലയുടെ അതിർത്തികൾ.കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ.കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.

വാസ്കോഡഗാമയുടെ വരവിനു മുൻപുള്ള കോഴിക്കോടിന്റെ ചരിത്രം വളരെ അവ്യക്തമാണ്. ഇബ്നു ബത്തൂത്ത, അബ്ദുൾ റസാഖ്, നിക്കോളോ കോണ്ടിഎന്നീ വിദേശ സഞ്ചാരികളുടെ യാത്രാവിവരണക്കുറിപ്പുകളെയും മറ്റു സാഹിത്യരചനകളെയുമാസ്പദമാക്കിയാണ് അക്കാലത്തെ ചരിത്ര രചന നടത്തിയത്. ഇവ കൂടുതലും ഊഹങ്ങൾ മാത്രമാണ്. എന്നാൽ വാസ്കോ ഡഗാമയുടെ വരവിനുശേഷം ഉള്ളതിന് വിശ്വസനീയമായ രേഖകൾ ഉണ്ട്.
ആദിവാസികളായ വില്ലവരെയും മ്മീനവരെയും മറ്റും തോല്പിച്ച യാദവന്മാരും നാഗന്മാരും ആദ്യമായി കേരളത്തിൽ കുടിയേറിയത് മലബാറിലെ ഈ പ്രദേശങ്ങളിലാണ്. ഇത് ക്രി.മു. ആയിരം ആണ്ടോടടുത്ത് എന്നാണ് എന്നു കരുതുന്നു.  പുരാതന കാലം മുതൽതന്നെ സഞ്ചാരികളുടെ പറുദീസയായിരുന്നു കോഴിക്കോട്‌. ചൈനീസ്‌ സഞ്ചാരിയായ സെങ്ങ്‌ ഹി പോർട്ടുഗീസ്‌ നാവികനായ വാസ്കോ ഡി ഗാമ എന്നിവരുടെ ആഗമനത്താൽ ശ്രദ്ധേയമാണ്‌ കോഴിക്കോട്‌. ഇവർക്കു മുന്നേ തന്നേ അറബികളും തുർക്കികളും റോമാക്കാരും ഇവിടങ്ങളിൽ എത്തിയിരുന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വ്യാപാരത്തിന്റെ ഭാഗമായി കോഴിക്കോടും ചില്ലറ വ്യാപാരങ്ങൾ നടന്നിരുന്നു.
കോഴിക്കോടിനെപ്പറ്റി എട്ടാം നൂറ്റാണ്ടിനു ശേഷം മാത്രമേ ചരിത്രത്തിൽ കൂടുതൽ പ്രതിപാദിച്ചുകാണുന്നുള്ളൂ. എട്ട് മുതൽ പന്ത്രണ്ട് നൂറ്റാണ്ടുകൾ വരെ കോഴിക്കോടിന്റെ ആധിപത്യം പോർളാതിരിമാർക്കായിരുന്നു.  ഇവരുടെ കാലത്ത് തൊഴിലധിഷ്ഠിതമായും ജാതിവ്യവസ്ഥക്കധിഷ്ഠിതമായും സാമൂഹ്യജീവിതം ക്രമീകരിക്കപ്പെട്ടു, അതിനുമുന്ന് വിവേചനരഹിതമായിരുന്നു ഒട്ടുമിക്ക സമൂഹങ്ങളിലും വ്യവസ്ഥിതികൾ. ഗോത്രപ്രമാണിമാർ ഭൂവുടമകളായും നാടുവാഴികളായും ഉയർത്തപ്പെട്ടു. മറ്റുള്ളവർ അവർക്കു വിധേയരായി കൃഷി ചെയ്തു കഴിഞ്ഞു വന്നു. സാമൂതിരി കോഴിക്കോടിന്റെ അധിപതി ആയതോടെ അറബികളുടെ സഹായത്താൽ വാണിജ്യകേന്ദ്രം എന്ന നിലയിൽ കോഴിക്കോടിനു പ്രാധാന്യം ഏറി. മറ്റു രാജക്കന്മാരെ തോല്പിക്കാൻ സാമൂതിരിക്ക് മുസ്ലീങ്ങൾ നല്ല സഹായം ചെയ്തു വന്നു. അങ്ങനെ കൊച്ചി വരെയുള്ള പ്രദേശങ്ങളുടെ അധിപനായി സാമൂതിരി മാറി.
സാമൂതിരിയുടെ കാലത്ത് വിദേശികളും സ്വദേശികളുമായി നിരന്തരം യുദ്ധം തുടർന്നിരുന്നു. അതു കൊണ്ട് കാര്യമായവികസനങ്ങൾ നടന്നു കാണുന്നില്ല. എങ്കിലും സാംസ്കാരിക രംഗത്ത് രേവതി പട്ടത്താനവും വിദ്വൽ സദസ്സുമെല്ലാം സാമൂതിരിമാരുടെ സംഭാവനകളാണ്. ഹൈദരലിയുടെ മൈസൂർ പടയുടെ മുന്നിൽ അവസാനം സാമൂതിരി അടിയറവു പറഞ്ഞു. പിന്നീട് വന്ന ടിപ്പു സുൽത്താനും കോഴിക്കോടിൽ വലിയ മാറ്റങ്ങൾ വരുത്തി. മതപരിവർത്തനത്തിലും പീഡനത്തിലും ഭയന്ന് നിരവധി സവർണ്ണജാതിക്കാർ തെക്കോട്ട് പലായനം ചെയ്തു. സവർണ്ണ ജാതിക്കാരുടെ പീഡനങ്ങളേറ്റിരുന്നവരും ജാതി ഭ്രഷ്ട് ഉണ്ടായിരുന്നവരും എന്നു വേണ്ട ഒട്ടനവധി പേർ ഇസ്ലാം മതം സ്വീകരിച്ചു. വസ്ത്രധാരണത്തിലും മാറ്റങ്ങൾ വന്നു. ഇവിടെ നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും, ബഹുഭാര്യത്വം, ബഹുഭർത്തൃത്വം, മാറുമറക്കാനുള്ള അധികാരം തുടങ്ങിയവ നിർത്താൻ ടിപ്പു സുൽത്താൻ നിയമങ്ങൾ കൊണ്ടുവന്നു. കോഴിക്കോട് ഗതാഗത യോഗ്യമാക്കിയത് ടിപ്പുവാണെന്നു പറയാം. പാലങ്ങളും ചുരങ്ങളും നിർമ്മിച്ചു. ഭൂവുടമകൾ ഭൂനികുതി നൽകണമെന്ന നിയമം ആദ്യമായി നടപ്പിൽ വരുത്തിയത് ടിപ്പു സുൽത്താനാണ്.
1792 മുതൽ 1805 വരെ മലബാറിന്റെ ഭാഗമായിരുന്ന ഇവിടത്തെ ഭരണം ബോംബെ കമ്മീഷണരുടെ കീഴിലായിരുന്നു. 1805-ല് മലബാർ മദ്രാസ് പ്രൊവിൻസിലെ ഒരു ജില്ലയാക്കി. കോഴിക്കോട് താലൂക്ക് ഒട്ടാകെ പന്ത്രണ്ട് സബ് ഡിവിഷനുകളും മുപ്പത്തൊന്ന് അംശങ്ങളും 128 ദേശങ്ങളും ആയി വിഭജിച്ചു. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഈ താലൂക്കിൽ കോഴിക്കോട്, ചേവായൂർ, കുന്നമംഗലം, കൊടുവള്ളി, എന്നിങ്ങനെ 4 ഫർക്കകളും 72 അംശങ്ങളും ഉണ്ടായിരുന്നു. നല്ല കൃഷിക്കാർ തറവാട്ടുകാരായി. സാമ്പത്തികശേഷിയുള്ള സവർണ്ണകുടുംബങ്ങളിലെ ആൾക്കാരെയാണ് അംശം ഭരിക്കാൻ ഏല്പിച്ചിരുന്നത്. 1961-ല് ഭരണഘടനയുടെ പുന: സംഘടനവരെ ഈ കീഴ്‌വഴക്കം തുടർന്നു. 1957 ജനുവരി 1-ന്‌ കോഴിക്കോട്‌ ജില്ല രൂപീകൃതമായി. കാലക്രമത്തിൽ ഈ ജില്ല വീണ്ടും വിഭജിച്ച്‌ മലപ്പുറം, വയനാട്‌ എന്നീ ജില്ലകൾക്ക്‌ രൂപം കൊടുത്തു.

കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും വ്യത്യസ്തമായ ജീവിതശൈലിയും സംസ്കാരവുമാണ്‌ കോഴിക്കോട്‌ ജില്ലയിലെ ജനങ്ങൾ പിന്തുടരുന്നത്‌. മുസ്ലീം സംസ്കാരത്തിന്റെ സ്വാധീനം കൊണ്ടാവാം ഇവിടത്തെ ജനങ്ങളുടെ സംസാരിക്കുന്ന മലയാളത്തിൽ അറബി ഭാഷയുടെ കലർപ്പുകാണാം. നൂറ്റാണ്ടുകൾക്കു മുന്നേ തന്നെ വ്യാപാരങ്ങൾ നടന്നിരുന്നതിനാൽ പല രാജ്യക്കാരുടെയും സംസ്കാരവുമായി ഇഴുകിച്ചേർന്നാണ് കോഴിക്കോട് രൂപം പ്രാപിച്ചത്. പാർസികൾ, ഗുജറാത്തികൾ, മാർവാഡികൾ, തമിഴർ, തെലുങ്കർ എന്നിങ്ങനെ ഒട്ടനവധി ദേശക്കാർ ഇന്നിതിനെ സ്വന്തമാക്കിക്കഴിഞ്ഞു. നാടുവാഴികളും രാജാക്കന്മാരും നമ്പൂതിരിമാരെക്കൊണ്ട് ഒട്ടനവധി ക്ഷേത്രങ്ങൾ അഥവാ തളികൾ നിർമ്മിച്ചു. ക്രിസ്തുമതക്കാരുടെ ആഗമനത്തിനു മുന്നേ തന്നെ ജൈനമതക്കാർ കോഴിക്കോട് ഉണ്ടായിരുന്നു, പോർത്റ്റുഗീസുകാരുടെ വരവിന് ശേഷമാണ് ക്രിസ്തീയദേവാലയങ്ങൾ നിലവിൽ വന്നത്. സുറിയാനി ക്രിസ്ത്യാനികളും പിന്നീട് വന്നു ചേർന്നു. സാമ്പത്തിക വിദ്യാഭ്യാസ മേഖലയിൽ ഇവരുടെ സംഭാവനകൾ എടുത്തു പറയത്തക്കതാണ്. ആനന്ദമതം, ആര്യസമാജം, ബ്രഹ്മസമാജം, സിദ്ധസമാജം, ആത്മവിദ്യാസംഘംഎന്നിങ്ങനെ എല്ലാ പ്രസ്ഥാനങ്ങൾക്കും ഇവിടെ വേരോടിയിട്ടുണ്ട്. അയിത്തത്തിനും ജാതിസ്പർദ്ധക്കുമെതിരെ നവോത്ഥാനപ്രവർത്തനങ്ങൾക്ക് ഇവ സഹായകമായി. വടക്കൻ പാട്ടുകളുടെയും,തിറയാട്ടത്തിന്റെയും, മാപ്പിളപ്പാട്ടുകളുടെയും നാടാണ്‌ കോഴിക്കോട്‌. മലയാളികളുടെ സംസ്കാരവുമായി ബന്ധമില്ലാത്ത ഗസൽ സംഗീതത്തോടും ഈ ജില്ലാനിവാസികൾക്ക്‌ പ്രത്യേക അഭിനിവേശമുണ്ട്‌. അതുപോലെ തന്നെയാണ്‌ ഫുട്ബോളും. ഈ കളി ഇവിടത്തെ ജനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്നു പറയാം. ഫുട്ബോളിന്റെ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം അപ്രസക്തമാണെങ്കിൽക്കൂടി ലോകോത്തര താരങ്ങൾക്കെല്ലാം ഇവിടെ പ്രബലമായ ആരാധകവൃന്ദമുണ്ടെന്നത്‌ ആരെയും അത്ഭുതപ്പെടുത്തും.

Post a Comment

1 Comments