ലൈറ്റ് മെട്രോ:മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ ഉടൻ നൽകും


കോഴിക്കോട്:ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ചു കേന്ദ്ര നഗരവികസന മന്ത്രാലയം ആവശ്യപ്പെട്ട അധികവിവരങ്ങൾ ഒരുമാസത്തിനുള്ളിൽ നൽകുമെന്ന് ഡിഎംആർസി. പദ്ധതിയുടെ ഡിപിആർ ( വിശദമായ പദ്ധതി രേഖ) നേരത്തേ സമർപ്പിച്ചിരുന്നെങ്കിലും അടുത്തിടെ  കേന്ദ്രസർക്കാർ പുറത്തിറക്കിയ മെട്രോ നയം അനുസരിച്ചാണ് കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരുന്നത്. മെട്രോ പ്രവർത്തനം തുടങ്ങുന്നതോടെ നഗരത്തിലോടുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയുമെന്നാണു പുതിയ നയത്തിൽ വിഭാവനം ചെയ്യുന്നത്.

ഇതനുസരിച്ച് ലൈറ്റ് മെട്രോയും  ഉൾപ്പെടുത്തി പൊതുഗതാഗത സംവിധാനങ്ങളുടെ ഏകോപനം എങ്ങനെ സാധ്യമാക്കാം എന്നതുസംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കണം. സ്റ്റേഷനുകളിലെത്തിപ്പെടാനുള്ള മാർഗങ്ങൾ സംബന്ധിച്ച് കൃത്യമായ രൂപരേഖയും നൽകണം. സ്റ്റേഷനുകളിലേക്കെത്താൻ സൈക്കിൾ സൗകര്യം കൂടുതലായി എങ്ങനെ ഉപയോഗിക്കാം, കാൽനടക്കാർക്കുള്ള സൗകര്യങ്ങൾ എങ്ങനെ ഏർപ്പെടുത്താം തുടങ്ങിയ വിശദാംശങ്ങളാണു നൽകേണ്ടത്.

അതേസമയം, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൾക്കായി നിലവിൽ ഡിഎംആർസി സമർപ്പിച്ചിരിക്കുന്ന  ഡിപിആറുകൾ പൂർണമായി മാറ്റേണ്ടിവരില്ല.  പുതിയ മെട്രോ നയമനുസരിച്ചുള്ള പൊതുസ്വകാര്യ പങ്കാളിത്തം എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കും.

കോഴിക്കോട്ടെ പദ്ധതിയുടെ ഭാഗമായുള്ള മാനാഞ്ചിറ– മീഞ്ചന്ത റോഡ് വികസനം ഡിഎംആർസിയെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കരാർ ഒപ്പുവച്ചിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമായാൽ റോഡിന്റെ ജോലികൾ  തുടങ്ങാനാകുമെന്നാണു പ്രതീക്ഷ.