കോഴിക്കോട്:നഗരപാതാ വികസന പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നഗരഗതാഗതത്തിന്റെ തലവര മാറ്റിയെഴുതുന്ന പദ്ധതിയിൽ 11 റോഡുകളാണു വികസിപ്പിക്കുന്നത്. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കാനുള്ള ഏജൻസിയെ നിശ്ചയിക്കുന്ന വിഷയത്തിൽ റോഡ് ഫണ്ട് ബോർഡിന്റെ അടുത്തമാസം നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കുമെന്ന് സിഇഒ പി.സി. ഹരികേഷ് അറിയിച്ചു.
നടപടികളുടെ ലഘൂകരണവും വേഗവും പരിഗണിച്ച് സർക്കാർ ഏജൻസിയായ നാറ്റ്പാക്കിനെ ഡിപിആർ തയാറാക്കാൻ ഏൽപിക്കണമെന്ന് കോഴിക്കോട്ടുനിന്നുള്ള രണ്ട് എംഎൽഎമാരും പദ്ധതി സംബന്ധിച്ച യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. 11 റോഡുകളിലായി 35.265 കിലോമീറ്റർ ദുരം ഉൾപ്പെടുന്നതാണു പദ്ധതി. നഗരപാതാ വികസന പദ്ധതിയുടെ രണ്ടാംഘട്ടം അടുത്തവർഷം ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പദ്ധതിയുടെ ആദ്യഘട്ടത്തിലെ ആറു റോഡുകളുടെ വികസനം ഏതാണ്ടുപൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പും നടന്നുവരികയാണ്.
11 റോഡുകൾ
1.മാനാഞ്ചിറ – പാവങ്ങാട് (ഏഴ് കിമീ)– 24 മീറ്റർ വീതിയിൽ നാലുവരി
2.പുതിയങ്ങാടി –തണ്ണീർപന്തൽ (4.43 കിമീ)– 15 മീറ്റർ
3.കരിക്കാംകുളം– സിവിൽസ്റ്റേഷൻ– കോട്ടൂളി (4.15 കിമീ) – 15 മീറ്റർ
4.ഭട്ട് റോഡ് ജംക്‌ഷൻ–വെസ്റ്റ്ഹിൽ ചുങ്കം (0.67 കിമീ) – 12 മീറ്റർ
5.മൂഴിക്കൽ – കാളാണ്ടിത്താഴം (1.6 കിമീ) – 12 മീറ്റർ
6.മാങ്കാവ്– പൊക്കുന്ന്– പന്തീരാങ്കാവ് (ആറ് കിമീ) – 20 മീറ്ററിൽ നാലുവരി
7.കല്ലുത്താൻകടവ് – മീഞ്ചന്ത ( 5.015 കിമീ) – 20 മീറ്ററിൽ നാലുവരി
8.കോവൂർ – മെഡിക്കൽകോളജ്– മുണ്ടിക്കൽത്താഴം (3.90 കിമീ)– 18 മീറ്റർ
9.കോതിപ്പാലം –പയ്യാനക്കൽ– പന്നിയങ്കര മേൽപാലം (0.4 കിമീ) – 15 മീറ്റർ
10.സിഡബ്ല്യുആർഡിഎം – പെരിങ്ങൊളം (0.7) – 15 മീറ്റർ
11.മിനിബൈപാസ് – പനാത്തുതാഴം മേൽപാലവും റോഡും (1.4 കിമീ) – 15 മീറ്റർ
പിന്നിടേണ്ട കടമ്പകൾ
- ഡിപിആർ തയാറാക്കണം – മുൻ പ്രവൃത്തികൾ നോക്കിയാൽ ഇത്രയും റോഡുകൾക്ക് ഏറ്റവും കുറഞ്ഞത് ഒരുവർഷംവേണ്ടിവരും
- ഇതിനിടെ പദ്ധതിക്കു ഭരണാനുമതി ലഭ്യമാക്കണം
- ഡിപിആറിലെ അലൈൻമെന്റ് അനുസരിച്ച് പൊതുമരാമത്തുവകുപ്പ് കല്ലിടണം
- എവിടെയെല്ലാം എത്രമാത്രം സ്ഥലം ഏറ്റെടുത്തുനൽകണമെന്ന് പിഡബ്ല്യുഡിയുടെ റിപ്പോർട്ട് കലക്ടർക്ക്
- റവന്യുവകുപ്പ് സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കുന്നു
- സാമൂഹിക ആഘാത പഠനം നടത്തണം. ഏറ്റവും കുറഞ്ഞത് ആറുമാസം
- പുതിയ എൽഎ നിയമമനുസരിച്ച് മുഴുവൻ തുകയുടെ 35 % അനുവദിച്ചാൽമാത്രമേ സ്ഥലമേറ്റെടുപ്പുതുടങ്ങാനാകൂ
- ∙ഇത്രയും റോഡുകൾക്കുള്ള സ്ഥലമേറ്റെടുപ്പിന് ഏറ്റവും കുറഞ്ഞത് അഞ്ചുവർഷമെങ്കിലും വേണ്ടിവരും (നഗരപാതാ വികസനത്തിന്റെ ആദ്യഘട്ടത്തിലെ ആറുറോഡുകൾക്ക് സ്ഥലമേറ്റെടുത്തത് നാലുവർഷമെടുത്താണ്)
- സ്ഥലമേറ്റെടുപ്പു പൂർത്തിയായാൽ പദ്ധതി ടെൻഡർ ചെയ്യും. ഇതിനും ഏകദേശം ഒരുവർഷം കാലതാമസമെടുക്കും
- നിർമാണത്തിന് മൂന്നുവർഷമെങ്കിലും വേണ്ടിവരും (ആദ്യഘട്ടത്തിലെ ആറുറോഡുകൾക്ക് യുഎൽസിസിക്ക് 24 മാസമായിരുന്നു കാലാവധി. 20 മാസംകൊണ്ട് പൂർത്തീകരിച്ചിട്ടുണ്ട്).
ഇതിൽ പുതിയങ്ങാടി –തണ്ണീർപന്തൽ, കരിക്കാംകുളം– സിവിൽസ്റ്റേഷൻ– കോട്ടൂളി, ഭട്ട് റോഡ് ജംക്‌ഷൻ–വെസ്റ്റ്ഹിൽ ചുങ്കം, മൂഴിക്കൽ – കാളാണ്ടിത്താഴം, കോവൂർ – മെഡിക്കൽകോളജ്– മുണ്ടിക്കൽത്താഴം റോഡുകളുടെ നേരത്തേ തയാറാക്കിയ ഡിപിആറുകൾ പുതുക്കിയാൽ മതിയാകും. ബാക്കിയുള്ളവയ്ക്കായി പുതിയ ഡിപിആറുകൾ വേണ്ടിവരും. കല്ലുത്താൻകടവ് – മീഞ്ചന്ത റോഡിനൊഴികെ മിക്കറോഡുകൾക്കും സ്ഥലമേറ്റെടുപ്പ് വേണ്ടിവരും. ഡിബ്ല്യുആർഡിഎം – പെരിങ്ങൊളം റോഡിനുമാത്രമാണ് നിലവിൽ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.