ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി: വീടുകയറി ബോധവൽക്കരണവുമായി പൊലീസ് ഉദ്യോഗസ്ഥർ

ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി: വീടുകയറി ബോധവൽക്കരണവുമായി പൊലീസ് ഉദ്യോഗസ്ഥർ


കോഴിക്കോട്: ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനും പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കൾ അകറ്റി സഹകരണം ഉറപ്പു വരുത്തുന്നതിനുമായി ബോധവൽക്കരണവുമായി പൊലീസ് ഉദ്യോഗസ്ഥർ വീടുകൾ കയറിത്തുടങ്ങി. ഗെയിൽ പദ്ധതി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിജയകരമായി നടത്തുന്നതിന് പൊലീസിന് പുറമെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ഗെയിൽ അധികൃതരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്റെ നിർദേശത്തെ തുടർന്നാണ് കൊടിയത്തൂർ, കാരശ്ശേരി ഗ്രാമപഞ്ചായത്തുകളിൽ ഗെയിൽ പൈപ്പ് ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ വീടുകളിൽ പൊലീസ് ഉദ്യോഗസ്ഥരെത്തി ബോധവൽക്കരണം നടത്തുന്നത്.

അതേസമയം റവന്യു അധികതർക്ക് മേലധികാരികളിൽ നിന്ന് ഇതു സംബന്ധിച്ച് നിർദേശം ലഭിച്ചില്ലെന്നാണ് പറയുന്നത്. കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയുടെ ഗെയിൽ പ്രദേശങ്ങളിലും ബോധവൽക്കരണം നടത്തുന്നുണ്ട്. പൈപ്പ് ലൈൻ കടന്നു പോവുന്ന പ്രദേശങ്ങളിലെ ജനങ്ങളെ നേരിൽക്കണ്ട് സംസാരിച്ച് ആശങ്കകൾ അകറ്റുകയും നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്നുമാണ് ഡിജിപിയുടെ നിർദേശം.

പദ്ധതിയുടെ ഗുണഫലങ്ങൾ പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഹരിത ഇന്ധനമുപയോഗിക്കുന്നതിന്റെ ഗുണങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണമെന്നു നിർദേശമുണ്ട്. പദ്ധതിക്കായി പുതുക്കി നിശ്ചയിച്ച നഷ്ടപരിഹാര പാക്കേജ് മറ്റേത് പദ്ധതികളെക്കാളും മികച്ചതാണെന്നും ഇത് കാലതാമസം കൂടാതെ വിതരണം ചെയ്യാനുള്ള നടപടികളിൽ ജനങ്ങളെ സഹായിക്കണമെന്നുമാണ് നിർദേശം.

ഗെയിൽ പദ്ധതി പ്രദേശത്ത് ഗെയിൽ അധികൃതർക്കും ജനങ്ങൾക്കും ഇടയിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ബോധവൽക്കരണം നടത്തുന്നതിനായി മൂന്ന് ദിവസത്തെ പ്രത്യേക ട്രെയിനിങ്ങും ഉത്തര മേഖല ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നൽകി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 40 പൊലീസ് ഉദ്യോഗസ്ഥർക്കായിരുന്നു പരിശീലനം.

അഞ്ച് പേർ അടുങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ആണ് മേഖലയിൽ ബോധവൽക്കരണം നടത്തുന്നത്. ജനങ്ങൾക്ക് നഷ്ടപരിഹാരത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും അലൈൻമെന്റ് സംബന്ധിച്ചും വിശദവിവരങ്ങൾ പൊലീസ് നൽകും.

ഗെയിൽ അധികതർക്കും ജനങ്ങൾക്കും ഇടയിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് എതിർപ്പുകൾ കുറയ്ക്കുന്നതിനും പദ്ധതിയുടെ സുഗമമായ പ്രവർത്തന പുരോഗതിക്ക് ആക്കം കൂട്ടുമെന്നുമാണ് ഗെയിൽ ഉന്നത അധികൃതരുടെ വിലയിരുത്തൽ. പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരിശീലന ക്ലാസിൽ ഗെയിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.