സ്മാർ‍ട് സിറ്റി മിഷൻ ചാലഞ്ചിൽ പങ്കെടുക്കാൻ കോഴിക്കോട് കോർപറേഷൻ വീണ്ടും അനുമതിതേടി



കോഴിക്കോട്:കേന്ദ്ര സർക്കാരിന്റെ സ്മാർ‍ട് സിറ്റി ചാലഞ്ചിൽ പങ്കെടുക്കാൻ കോർപറേഷൻ വീണ്ടും അനുമതി തേടി. 100 സ്മാർട് സിറ്റികളിൽ ഇനിയും പ്രഖ്യാപിക്കാനിരിക്കുന്ന 10 എണ്ണത്തിൽ ഉൾപ്പെടുക എന്ന ലക്ഷ്യത്തോടെയാണു കോർപറേഷന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സെക്രട്ടറി മൃൺമയി ജോഷി ഡൽഹിയിലെത്തി സ്മാർട് സിറ്റി മിഷനിൽ നേരിട്ട് അപേക്ഷ നൽകുകയായിരുന്നു കോഴിക്കോടിനെ സ്മാർട് സിറ്റി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ചാലഞ്ചിൽ പങ്കെടുക്കാനായി വിശദമായ റിപ്പോർട്ട് സമർപ്പിക്കും. 2015ൽ നടന്ന സ്മാർട് സിറ്റി ചാലഞ്ചിൽ കോഴിക്കോടിന് മുൻനിരയിലെത്താനായില്ല. ഈ രണ്ടു വർഷത്തിനുള്ളിൽ നഗരത്തിനുണ്ടായ നേട്ടങ്ങളും കൂടി ചേർത്തുള്ള റിപ്പോർട്ടാണ് ഇനി അവതരിപ്പിക്കുക.

സ്മാർട് സിറ്റിയായി കേന്ദ്രം അംഗീകരിക്കുന്ന നഗരത്തിന് വൻ വികസനമാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഏറ്റവും കുറഞ്ഞത് 500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. ഇതിൽ 50% കേന്ദ്രം നൽകും. ബാക്കിയുള്ള തുക സംസ്ഥാനവും തദ്ദേശസ്ഥാപനവും ലഭ്യമാക്കും. നഗരത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന വികസനമാണ് ലക്ഷ്യമിടുന്നത്.