കുറ്റകൃത്യങ്ങള്‍: കോഴിക്കോട് നഗരം ദേശീയതലത്തില്‍ ഏഴാം സ്ഥാനത്ത്‌


കോഴിക്കോട്: രാജ്യത്ത് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുചെയ്ത കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോട് നഗരം ഏഴാം സ്ഥാനത്ത്. ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന പത്തൊന്‍പത് മഹാനഗരങ്ങളുടെ പട്ടികയാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ തയ്യാറാക്കിയത്. നവംബര്‍ 30-ന് പ്രസിദ്ധീകരിച്ച 2016-ലെ കുറ്റകൃത്യങ്ങളുടെ വിരങ്ങളടങ്ങിയ 742 പേജുള്ള റിപ്പോര്‍ട്ടില്‍ 93 പേജുകളിലെ പട്ടികയിലും കോഴിക്കോട് ഇടംപിടിച്ചിട്ടുണ്ട്. വിദ്യാര്‍ഥിസംഘട്ടനത്തിന്റെ പട്ടികയിലും കോഴിക്കോട് ഒന്നാം സ്ഥാനത്താണുള്ളത്. ഹൈദരാബാദും കോഴിക്കോടും 14 കേസുകള്‍ വീതം രജിസ്റ്റര്‍ചെയ്ത് ഒന്നാം സ്ഥാനത്തുണ്ട്. മയക്കുമരുന്നും മദ്യവും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ പട്ടികയില്‍ കോഴിക്കോട് ദേശീയതലത്തില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. 919 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജ്യത്തെ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. 2015-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 5020 രജിസ്റ്റര്‍ചെയ്ത കേസുകള്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് കുറഞ്ഞിട്ടുണ്ട്. എങ്കിലും രാജ്യത്തെ മഹാനാഗരങ്ങളിലെ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ഏഴാമതായി. 17,491 ക്രിമിനലും അല്ലാത്തതുമായ കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ഇതേ പട്ടികയില്‍ ഒന്നാമതുള്ള കൊച്ചിയില്‍ ഇത് 54,125 ആണ്. ജയ്പുര്‍ നഗരമാണ് ആറാംസ്ഥാനത്തുള്ളത്. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോട് പതിനേഴാം സ്ഥാനത്താണുള്ളത്. 92 ഇത്തരം കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ദേശീയതലത്തില്‍ 15-ാം സ്ഥാനത്താണുള്ളത്. 352 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഹാനഗരങ്ങളില്‍ നടന്ന കൊലപാതകക്കേസുകളുടെ പട്ടികയില്‍ പത്തൊന്പതാം സ്ഥാനത്താണുള്ളത്. സ്ത്രീകളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പതിനഞ്ചാം സ്ഥാനത്തും കോഴിക്കോടുണ്ട്. കൂട്ടബലാത്സംഗക്കേസുകളില്‍ 79 കേസുകളുമായി ഡല്‍ഹി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കോഴിക്കോട് നഗരത്തില്‍നിന്നും അത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 52 ബലാത്സംഗക്കേസുകളും ഇവിടെനിന്ന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.