കോഴിക്കോട്:കിനാലൂര്‍ വ്യവസായകേന്ദ്രത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായതോടെ വ്യവസായകേന്ദ്രത്തിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സജീവമായി. കിനാലൂരില്‍ 110 കെ.വി. സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ വ്യവസായകേന്ദ്രത്തിലേക്ക് ആവശ്യമായ വൈദ്യുതി എത്തിയിട്ടുണ്ട്. ജനറേറ്ററുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. അലൂമിനിയം ഉപയോഗിച്ച് വിവിധ വസ്തുക്കള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് വൈദ്യുതിക്ഷാമം പരിഹരിക്കപ്പെട്ടതോടെ കൂടുതല്‍ സജീവമായത്. മുപ്പതോളം ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഇപ്പോള്‍ കിനാലൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യുതി ആവശ്യത്തിന് ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ വ്യവസായ സംരംഭകര്‍ കിനാലൂരില്‍ യൂണിറ്റുകള്‍ ആരംഭിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. വ്യവസായ വകുപ്പിന്റെ കീഴില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കൂറ്റന്‍ കെട്ടിടം കിനാലൂരില്‍ പണിതിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഉടനുണ്ടാകും. കേരളസര്‍ക്കാരിന്റെ വിമുക്തി കേന്ദ്രവും കിനാലൂരിലാണ് ആരംഭിക്കുന്നത്.