- 50 മൈക്രോണിനുതാഴെയുള്ളവയ്ക്ക് നിരോധനം നിശ്ചിത മൈക്രോണിനുമേലെ കനമുള്ള ബാഗുകള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് വില ഈടാക്കും
കോഴിക്കോട്: അത്തോളി ഗ്രാമപ്പഞ്ചായത്തില്‍ ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കാരിബാഗ് നിയന്ത്രണം നിലവില്‍ വന്നു. 50 മൈക്രോണിനു താഴെ കനമുള്ള സഞ്ചികള്‍ക്കാണ് പൂര്‍ണമായ നിരോധനം. ഇതിനുമേലെ കനമുള്ള എല്ലാതരം പ്ലാസ്റ്റിക് ബാഗുകളും വില ഈടാക്കി മാത്രമേ ഉപഭോക്താക്കള്‍ക്കു നല്‍കാവൂ എന്നും നിബന്ധനയുണ്ട്. ഇത്തരം ബാഗുകള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ബാഗുകള്‍ നല്കിയ സ്ഥാപനത്തിന്റെ ബില്‍ സൂക്ഷിക്കുകയും വേണം. കൂടാതെ ഇവയില്‍ സാധനങ്ങള്‍ നല്കുന്ന ചെറുകിട കച്ചവടക്കാര്‍ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഫീസായി പഞ്ചായത്തില്‍ പ്രതിമാസം 4000 രൂപ അടയ്ക്കുകയും വേണം. മൊത്തവ്യാപാരികള്‍ക്കു ഇത് 5000 രൂപയായിരിക്കും. നിബന്ധന പാലിക്കാത്തവര്‍ക്ക് പ്രതിമാസ ഫീസും രണ്ടിരട്ടി പിഴയും ഒടുക്കേണ്ടിവരും. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിച്ചാല്‍ മറ്റു നടപടികള്‍ക്ക് പുറമേ പിഴ അഞ്ചിരട്ടിയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പൊതു സ്ഥലങ്ങളിലെയും ജലാശയങ്ങളിലെയും മാലിന്യനിക്ഷേപത്തെക്കുറിച്ച് തെളിവുസഹിതം വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണ്‍: 9496281451, 9496048175