കോഴിക്കോട്: മൂരാട് പുതിയപാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ വകയിരുത്തിയത് മന്ത്രി ടി.എം. തോമസ് ഐസക് 2016 ജൂലായ് എട്ടിന് അവതരിപ്പിച്ച ബജറ്റിലാണ്. അതിനുശേഷം ഒരു ബജറ്റ്കൂടി കഴിഞ്ഞു. അടുത്ത ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. അപ്പോഴും മൂരാട് പാലം കടലാസില്‍ തന്നെയാണ്. സാങ്കേതികക്കുരുക്കില്‍നിന്ന് മോചനം നേടാന്‍ ഇതുവരെ സാധിച്ചില്ലെന്നു മാത്രമല്ല അനുദിനം മുറുകുകയാണ് കുരുക്ക്. ഏതാണ്ട് പാലത്തിലെ കുരുക്ക് പോലെതന്നെ. ഇന്നത്തെ നിലവെച്ച് ദേശീയപാത വികസിപ്പിക്കുമ്പോള്‍ മാത്രമേ പാലത്തിന്റെ പണിയും തുടങ്ങാന്‍ സാധ്യതയുള്ളൂ. ചുരുങ്ങിയത് രണ്ടുവര്‍ഷത്തോളം ഇനിയും കാത്തിരിക്കണമെന്നു സാരം. അഴിയൂര്‍മുതല്‍ വെങ്ങളംവരെയുള്ള ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയില്‍ മൂരാട് ആറുവരിപ്പാലം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നിട്ടും സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ 50 കോടി നീക്കിവെച്ചത് പുതിയ പാലത്തിന്റെ അടിയന്തര ആവശ്യം കണ്ടാണ്. നടപടിക്രമങ്ങളില്‍ പക്ഷേ, ഈ അടിയന്തരമില്ല. ഓഗസ്റ്റില്‍ കളക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ പാലം സന്ദര്‍ശിച്ച് ഈ സാമ്പത്തികവര്‍ഷം തന്നെ പണിതുടങ്ങാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചതാണ്. സംസ്ഥാന ഫണ്ടുകൊണ്ട് പാലം നിര്‍മിക്കുന്നതിന് പ്രധാനതടസ്സമായി നില്‍ക്കുന്നത് ദേശീയപാതാ അതോറിറ്റിയുടെ (എന്‍.എച്ച്.എ.ഐ.) നിലപാടാണ്. ദേശീയപാതാ അതോറിറ്റി നേരത്തേതന്നെ പാലത്തിന്റെയും റോഡിന്റെയും അലൈന്‍മെന്റ് തയ്യാറാക്കിയതാണ്. അതുപ്രകാരം മാത്രമേ പാലം നിര്‍മാണം നടക്കൂ. ആറുവരിപ്പാലമാണ് അവര്‍ ഉദ്ദേശിച്ചതെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകൊണ്ട് മൂന്നുവരിപ്പാലം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. അതും എന്‍.എച്ച്.എ.ഐ.യുടെ അതേ അലൈന്‍മെന്റില്‍. പക്ഷേ, ഈ പ്രവൃത്തി സംസ്ഥാനസര്‍ക്കാര്‍ ഫണ്ടുകൊണ്ട് ചെയ്യണമെങ്കില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതിനായി സംസ്ഥാന പി.ഡബ്ല്യു.ഡി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 2017 നവംബര്‍ 22-ന് ഉപരിതലമന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചു. ഇടുങ്ങിയ പാലം സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കും മറ്റ് പ്രശ്‌നങ്ങളുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ദേശീയപാതാ വികസനത്തിന്റെ സ്ഥലമെടുപ്പിനും മറ്റും സമയമെടുക്കുമെന്നതിനാല്‍ മൂരാട് പാലം മാത്രം സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കാന്‍ എതിര്‍പ്പില്ലാരേഖ (എന്‍.ഒ.സി.) തരണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതുവരെ എന്‍.ഒ.സി. കിട്ടിയിട്ടില്ല. ഇതോടെ പി.ഡബ്ല്യു.ഡി. ചീഫ് എന്‍ജിനീയര്‍ ഒരാഴ്ച മുമ്പ് വീണ്ടും ഉപരിതലഗതാഗത മന്ത്രാലയത്തിന് കത്തയച്ചു. മൂരാട് പാലം പെട്ടെന്ന് പണിയാന്‍ എന്‍.എച്ച്.എ.ഐ. ഫണ്ട് സംസ്ഥാനത്തിന് കൈമാറണമെന്നാണ് ഒരു ആവശ്യം. അല്ലെങ്കില്‍ അതോറിറ്റി തന്നെ പാലത്തിന്റെ പണിമാത്രം വേഗത്തില്‍ തുടങ്ങുക. ഇതിനോട് കേന്ദ്രം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മൂരാട് പുതിയ പാലത്തിന്റെ ഭാവി. ദേശീയപാതാ വികസനത്തിനു മുന്നോടിയായി ഒരു പാലത്തിനായി മാത്രം അനുമതി കിട്ടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനസര്‍ക്കാരും വിവിധ രാഷ്ട്രീയകക്ഷികളുമെല്ലാം ഒറ്റക്കെട്ടായി സമ്മര്‍ദം ചെലുത്തിയാല്‍ അനുമതി കിട്ടുമെന്നുറപ്പാണ്. ഇതിനുള്ള കൂട്ടായ്മയാണ് മൂരാട് പാലത്തിനായി ഇനി ഉയരേണ്ടത്. രണ്ട് പാലംപണി ടെന്‍ഡറായി, പക്ഷേ... മൂരാട് പാലംപോലെ ദേശീയപാതയില്‍ കുപ്പിക്കഴുത്തായി നില്‍ക്കുന്ന രണ്ട് ചെറിയ പാലങ്ങളാണ് പാലോളിപ്പാലവും കരിമ്പനപ്പാലവും. ദേശീയപാതയില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ല ഇത്രയും ഇടുങ്ങിയ പാലങ്ങള്‍. ഇവിടെ നടന്ന അപകടങ്ങള്‍ക്ക് കണക്കില്ല. ഇതേത്തുടര്‍ന്ന് ദേശീയപാതാ വിഭാഗം രണ്ടിടത്തും 10 മീറ്ററില്‍ പുതിയ പാലം പണിയാന്‍ പദ്ധതി തയ്യാറാക്കി. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ടെന്‍ഡറും ചെയ്തു. ടെന്‍ഡര്‍ പൊളിക്കുമ്പോഴേക്കും എന്‍.എച്ച്.എ.ഐ.യുടെ ഉത്തരവെത്തി. ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുന്നതിനാല്‍ ഈ പാലംപണി സാധ്യമല്ല. അലൈന്‍മെന്റില്‍ മാറ്റം വരാമെന്നതു കണക്കിലെടുത്തായിരുന്നു ഈ നിര്‍ദേശം. ആസൂത്രണത്തിലെ അഭാവംമൂലം അങ്ങനെ ഈ പദ്ധതികളുടെ ഭരണാനുമതി റദ്ദാക്കി. ഈ രണ്ടുപാലങ്ങളും ഇപ്പോഴും ദേശീയപാതയുടെ ശാപമായി തുടരുന്നു. പ്രത്യേക പദ്ധതിയായി കാണണം മൂരാട് പാലത്തിന്റ നിര്‍മാണം പ്രത്യേകപദ്ധതിയായി കണക്കാക്കി അടിയന്തരസ്വഭാവത്തോടെ പണി പൂര്‍ത്തിയാക്കണം. ദേശീയപാത വികസനത്തിനൊപ്പം പാലം നിര്‍മിക്കാമെന്ന ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യമുന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ട് -മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.