സ്കൂളുകൾക്ക് മൊബൈൽ ആപ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കൂളുകൾക്കായി മൊബൈൽ ആപ് പദ്ധതി നടപ്പാക്കുന്നു. വിദ്യാർഥികളുടെ ദൈനം ദിന ഹാജർ, പരീക്ഷാ ഫലങ്ങൾ, സ്കൂൾ, ക്ലാസ് മുറി വിശേഷങ്ങൾ എന്നിവ തൽസമയം രക്ഷിതാക്കൾക്ക് അറിയാൻ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കുവയ്ക്കാനുമാകും. ജില്ലാ തല ഉദ്ഘാടനം ഇന്നു വൈകിട്ട് ബാലുശേരി ഗവ. ഗേൾസ് എച്ച്എസ്എസിൽ നടക്കും.

ആദ്യ ഘട്ടത്തിൽ അഞ്ച് ഹയർ സെക്കൻഡറി സ്കൂളുകളിലും ഒരു പ്രൈമറി സ്കൂളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ബാലുശേരിക്ക് പുറമെ നരിക്കുനി ജിഎച്ച്എസ്എസ്, മാവൂർ എച്ച്എസ്എസ്, കുറ്റ്യാടി എച്ച്എസ്എസ്, ഓർക്കാട്ടേരി എച്ച്എസ്എസ് എന്നിവിടങ്ങളിലും പാറന്നൂർ ജിഎംഎൽപി സ്കൂളിലുമാണ് മാതൃകാ പദ്ധതി ഈ വർഷം നടപ്പാക്കുക. ഈ വിദ്യാലയങ്ങളിലെ മുഴുവൻ രക്ഷിതാക്കളെയും മൊബൈൽ ആപുമായി ബന്ധിപ്പിക്കും. ഡയറ്റിന്റെ ആഭിമുഖ്യത്തിൽ പദ്ധതി അവലോകനം ചെയ്യും. അടുത്ത അധ്യയന വർഷത്തോടെ ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.