മെഡിക്കൽ കോളജിൽ രണ്ടാമതൊരു കാത്ത് ലാബ് കൂടി സ്ഥാപിക്കുന്നുകോഴിക്കോട്:മെഡിക്കൽ കോളജിൽ രണ്ടാമതൊരു കാത്ത് ലാബ് കൂടി സ്ഥാപിക്കുന്നതിനു മൂന്നു കോടി രൂപയുടെ ബാങ്ക് വായ്പയായി. ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ചാണ് കാത്ത്‌ ലാബ് സ്ഥാപിക്കുന്നതെങ്കിലും ഇതിനാവശ്യമായ ഫണ്ട് വികസന സമിതിയിൽ ഇല്ലാത്തതിനാലാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് വായ്പ എടുക്കുന്നത്. 

സൂപ്പർ സ്പെഷ്യൽറ്റി കെട്ടിടത്തിൽ നിലവിലെ കാത്ത് ലാബിനു സമീപമാണ് രണ്ടാമത്തേതും ഒരുക്കുക. ഹൃദ്രോഗികളിൽ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും ആവശ്യമായി വരുന്നവരുടെ എണ്ണം കൂടിവരികയാണ്. നിലവിലെ കാത്ത് ലാബിൽ ദിവസവും 15 മുതൽ 20 വരെ ആൻജിയോഗ്രാമും ആവശ്യമായവർക്ക് ഉടനെ ആൻജിയോപ്ലാസ്റ്റിയും ചെയ്യുന്നു. എന്നാൽ ഇതിനുള്ള തീയതി ലഭിക്കാൻ ഒരു മാസത്തിലേറെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ ചെയ്യേണ്ടവരുടെ കാര്യത്തിൽ മാത്രമാണ് ഇതിൽ മാറ്റമുള്ളത്.

ഓരോ ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി ചെയ്തു കഴിയുമ്പോഴും വിരിക്കുന്ന തുണികൾ ഉൾപ്പെടെ മാറ്റി അണുവിമുക്തമാക്കിയ ശേഷം പുതിയത് സ്ഥാപിക്കണം. അതിനാൽ നിലവിൽ ഒരോ ദിവസവും ചെയ്യാൻ പറ്റുന്നതിന്റെ പരമാവധിയും അതിലേറെയും പരിശോധനകളും ചികിത്സയുമാണ് കാത്ത് ലാബിൽനിന്നു നൽകുന്നത്. 

സാങ്കേതിക തകരാറുകളും മറ്റുമായി ഇടയ്ക്ക് പരിശോധന മുടങ്ങുന്ന സമയത്ത് ചികിത്സകൾ വീണ്ടും നീളുന്നു. ഇതിനെല്ലാം പരിഹാരമെന്നോണം പുതിയൊരു കാത്ത് ലാബ് കൂടി സ്ഥാപിക്കാൻ നേരത്തെ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചതാണ്. 

ഉപകരണങ്ങൾ വാങ്ങുന്നതിനായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന കരാർ നടപടികളും പൂർത്തിയാക്കി. ഇതിലേക്കായി ഒരു കോടി രൂപ കെഎംസിഎല്ലിനു നേരത്തെ കൈമാറിയിട്ടുണ്ട്. 

ഫണ്ടിന്റെ ലഭ്യതയുൾപ്പെടെയുള്ള കാര്യങ്ങളിൽ തട്ടി നടപടി ക്രമങ്ങൾ നീണ്ടുപോകുകയായിരുന്നു. ഉപകരണങ്ങൾ വരുന്നതിനു മുൻപായി കെട്ടിടത്തിൽ സിവിൽ പ്രവൃത്തികൾ പൂർത്തിയാക്കണം. നിലവിൽ ഹൃദ്രോഗ വിഭാഗം ഒപിയിൽ ഒരു ദിവസം 300 മുതൽ 500 വരെ പേരാണ് ചികിത്സ തേടുന്നത്. ഇതിൽ ആൻജിയോഗ്രാം, ആൻ‌ജിയോപ്ലാസ്റ്റി, ഹൃദയശസ്ത്രക്രിയ തുടങ്ങിയവ വേണ്ടവരിൽ അർഹരായവർക്ക് ആരോഗ്യ ഇൻഷൂറൻസ്, കാരുണ്യ ചികിത്സ പദ്ധതികളിലൂടെ സൗജന്യ ചികിത്സ എന്നിവ ലഭ്യമാകുന്നുണ്ട്. 

എന്നാൽ ആൻജിയോഗ്രാമിനുപോലും യഥാസമയം തീയതി ലഭിക്കാതെ വരുമ്പോൾ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. പുതിയ കാത്ത് ലാബ് വരുന്നതോടെ മെഡിക്കൽ കോളജിൽ രോഗികളുടെ കാത്തിരിപ്പ് ഒഴിവാക്കാൻ സഹായകമാവും.