ബോട്ടുസമരം ആറാം ദിനത്തിലേക്ക്കോഴിക്കോട്:ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്നു. ഇതരസംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ മീനെത്തുന്നത്. ഞണ്ട്, ചെമ്മീന്‍, മാന്തള്‍, അയക്കൂറ, കൂന്തള്‍ എന്നിവയ്ക്കാണ് ഉയര്‍ന്ന വില. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മീനുകളുടെ വിലയാണ് കൂടിയത്. എന്നാല്‍, സമരത്തിന് മുന്‍പ് അമ്പത് രൂപയുണ്ടായിരുന്ന മത്തിയുടെ വില മുപ്പത് രൂപായി കുറഞ്ഞു. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് മീന്‍ ദൗര്‍ലഭ്യം കൂടിയതായി കച്ചവടക്കാര്‍ പറഞ്ഞു. സമരത്തെത്തുടര്‍ന്ന് ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ഹാര്‍ബറുകളായ ബേപ്പൂര്‍, പുതിയാപ്പ എന്നിവയുടെ പ്രവര്‍ത്തനം മുഴുവനായും നിലച്ചു. പരമ്പരാഗത വള്ളങ്ങള്‍ കൂടുതലായുള്ള ചോമ്പാല, കൊയിലാണ്ടി, വെള്ളയില്‍, ചാലിയം എന്നീ ഹാര്‍ബറുകളെ സമരം സാരമായി ബാധിച്ചിട്ടില്ല. ഓഖി ദുരന്തത്തിനുശേഷം മീന്‍പിടിത്തം വീണ്ടും സജീവമാവുമ്പോഴാണ് പെട്ടെന്നുള്ള സമരം മത്സ്യബന്ധനമേഖലയെ വീണ്ടും വറുതിയിലാക്കിയത്. സമരം ആയിരത്തോളം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചു. ഐസ് വിപണി, ചുമട്ടുതൊഴിലാളികള്‍ തുടങ്ങി അനുബന്ധമേഖലകളും സ്തംഭിച്ചു. അതിന്റെ ഇടയ്ക്ക് ബസ് സമരംകൂടി വന്നതോടെ പല വീടുകളിലെയും ദുരിതാവസ്ഥ ഇരട്ടിയാക്കിയിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ജില്ലയിലെ ആയിരത്തോളം ബോട്ടുകളും ഫൈബര്‍ വള്ളങ്ങളുമാണ് പണിമുടക്കിയിരിക്കുന്നത്. പരമ്പരാഗത തൊഴിലാളികള്‍ ചെറുവള്ളങ്ങളില്‍ പിടിച്ചുകൊണ്ടുവരുന്ന മത്തി, അയില തുടങ്ങിയ മീനുകള്‍ മാത്രമാണ് ഇപ്പോള്‍ വിപണിയില്‍ കൂടുതലായി ഉള്ളത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന മീനുകള്‍ വാങ്ങാന്‍ മടിക്കുന്നവരുമുണ്ടെന്ന് കച്ചവടക്കാര്‍ പറഞ്ഞു