ബേപ്പൂർ തുറമുഖത്ത് പുതിയ ടഗ്ഗ് വാങ്ങാൻ ഭരണാനുമതികോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് കപ്പലുകൾ വാർഫിലടുപ്പിക്കുന്നതിനു പുതിയ ടഗ്ഗ് വാങ്ങാൻ ഭരണാനുമതി. 3.10 കോടി രൂപ ചെലവിൽ 450 കുതിരശക്തി ശേഷിയുള്ള ടഗ്ഗാണ് വാങ്ങുന്നത്. സാങ്കേതികാനുമതി ലഭിച്ചാൽ നിർമാണത്തിനു ടെൻഡർ നൽകും. തുറമുഖത്ത് എത്തുന്ന കപ്പലുകൾ വാർഫിൽ അടുപ്പിക്കുന്നതിനും തിരിക്കാനുൾപ്പെടെയുള്ള മറ്റു സഹായത്തിനും അകമ്പടി പോകാനുമാണ് ടഗ്ഗ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം ചരക്കു നീക്കത്തിനു രണ്ടു ഫോ‍ർക്ക് ലിഫ്റ്റുകൾ വാങ്ങാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തുറമുഖ ആവശ്യത്തിനു സൗകര്യപ്രദമാകും വിധം മൂന്ന്, 14 ടൺ ശേഷിയുള്ള ഫോർക്ക് ലിഫ്റ്റുകളാണ് വാങ്ങുന്നത്. നിലവിൽ എംടി കേരളം, എംടി ചാലിയാർ, എംടി സാമൂതിരി എന്നിങ്ങനെ മൂന്ന് ടഗ്ഗുകളാണ് ബേപ്പൂർ തുറമുഖത്തുള്ളത്.

ചാലിയാർ, സാമൂതിരി ടഗ്ഗുകൾക്കു ശേഷി കുറവായതിനാൽ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റാത്ത നിലയുണ്ടായി. ഇതു പരിഹരിക്കാൻ ഏഴു കോടി രൂപ ചെലവിട്ടു എംടി മലബാർ എന്ന അത്യാധുനിക ടഗ്ഗ് വാങ്ങിയിരുന്നു. കൊല്ലം തങ്കശ്ശേരി തുറമുഖത്തേയ്ക്കു കൊണ്ടുപോയ മലബാർ ടഗ്ഗ് പിന്നീട് ബേപ്പൂരിലേക്കു കൊണ്ടുവന്നില്ല. ഇതിനു പകരമായാണ് മർച്ചന്റ് ഷിപ്പിങ് നിയമപ്രകാരമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളം ടഗ്ഗ് എത്തിച്ചത്. പുതുതായി ഒരു ടഗ്ഗ് കൂടി വരുന്നതോടെ ബേപ്പൂർ–ലക്ഷദ്വീപ് യാത്രാ–ചരക്കു കപ്പൽ സർവീസിനു കൂടുതൽ സഹായകരമായി പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കോസ്റ്റൽ ഷിപ്പിങ് പദ്ധതിയുടെ ഭാഗമായാണ് തുറമുഖത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത്.