കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക്



കോഴിക്കോട്:കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫിസ് എട്ടു വർഷമായി ഉപയോഗശൂന്യമായി കിടക്കുന്ന നാലാം പ്ലാറ്റ്ഫോമിലെ ഇരുനിലകെട്ടിടത്തിലേക്ക്. ഒന്നാം പ്ലാറ്റ്ഫോമിലെ
റിസർവേഷൻ കേന്ദ്രവും നാലാം പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന പാർസൽ ഓഫിസും ഈ മൾട്ടി ഫംക്‌ഷനൽ കോംപ്ലക്സിലേക്ക് മാറ്റും. താഴെ നിലയിൽ പാർസൽ കോംപ്ലക്സും രണ്ടാം നിലയിൽ റിസർവേഷൻ ഓഫിസും മാറ്റാനാണ് നീക്കം.ഇതിൽ പാർസൽ ഓഫിസ് മാറ്റാനുള്ള അംഗീകാരം ലഭിച്ചുകഴിഞ്ഞു.

എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തിക്ക് കരാർ നൽകാനുള്ള നടപടികളിലേക്ക് റെയിൽവേ കടക്കുകയാണ്. റിസർവേഷൻ കേന്ദ്രം മാറ്റുന്ന കാര്യത്തിൽ റെയിൽവേ അന്തിമ തീരുമാനമെടുത്തിട്ടില്ല. രണ്ടാം നിലയിലേക്ക് റിസർവേഷൻ കേന്ദ്രം മാറ്റിയാൽ ഇവിടെ ലിഫ്റ്റ് സ്ഥാപിക്കേണ്ടിവരും. ഇതു ചെലവുയർത്തുമെന്നതാണ് തീരുമാനം വൈകാൻ കാരണം.  മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളെല്ലാം വന്നുചേരുന്ന നാലാം പ്ലാറ്റ്‌ഫോമിലെ കണ്ണായ സ്‌ഥലത്ത് പാർസൽ ഓഫിസ് പ്രവർത്തിക്കുന്നതു കാരണം ഏറെ പ്രയാസം അനുഭവപ്പെടുന്നതായി യാത്രക്കാരുടെ പരാതി ഉയർന്നിരുന്നു.

നാലാം പ്ലാറ്റ്ഫോമിലേക്ക് വരുന്ന യാത്രക്കാരുടെ വാഹനങ്ങൾക്കും പാർസൽ ഓഫിസ് പ്രവർത്തനം തടസ്സം സൃഷ്‌ടിക്കുന്നുണ്ട്. രണ്ടു കോടി രൂപ ചെലവിൽ 2010ലാണ് നാലാം പ്ലാറ്റ്ഫോമിലെ വടക്കുഭാഗത്ത് മൾട്ടി ഫംക്‌ഷനൽ കോംപ്ലക്സ് നിർമാണം പൂർത്തിയാക്കിയത്. ഇരുനില കെട്ടിടത്തിൽ ഇരുപതു കടമുറികളാണ് വാടകയ്‌ക്കു നൽകാൻ ലക്ഷ്യമിട്ടു നിർമിച്ചത്.

നിർമാണത്തിലെ അപാകത കാരണം ഈ കെട്ടിടത്തിൽ കട തുറക്കാൻ താൽപര്യപ്പെട്ട് ആരും മുന്നോട്ടുവന്നില്ല. കടമുറികളെല്ലാം പരിമിതമായ സ്‌ഥലസൗകര്യത്തിലാണ് നിർമിച്ചിരുന്നത്. ഈ കെട്ടിടത്തിലേക്കു പ്രവേശനം പോലും ദുഷ്‌കരമായിരുന്നു. പാർസൽ ഓഫിസും റിസർവേഷൻ കേന്ദ്രവും മാറ്റുന്ന അവസരത്തിൽ ആവശ്യമായ മുറികൾ മാത്രം നിലനിർത്തി ബാക്കി ഭാഗത്തെ ചുമരുകൾ നീക്കാനാണ് തീരുമാനം. നേരത്തേ ഒന്നാം പ്ലാറ്റ്ഫോമിൽ പ്രവർത്തിച്ചിരുന്ന പാർസൽ ഓഫിസ് 2008ലാണ് നാലാം പ്ലാറ്റ്ഫോമിലേക്ക് മാറ്റിയത്. 

ഇ. അഹമദ് റെയിൽവേ സഹമന്ത്രിയായ കാലത്ത് 2010 ജൂൺ 25നാണ് നിലവിലുള്ള റിസർവേഷൻ കേന്ദ്രം തുറന്നത്. നിർമാണത്തിലെ അപാകതയാൽ അന്നുതന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങിയതായിരുന്നു ഈ കെട്ടിടം. ഉദ്ഘാടന ചടങ്ങിൽ ഇത് എ. പ്രദീപ്കുമാർ ഉൾപ്പെടെ പലരും ചൂണ്ടിക്കാട്ടി. റെയിൽവേ കെട്ടിട നിർമാണത്തിൽ ആർക്കിടെക്റ്റുകൾ സൗജന്യസേവനം വാഗ്ദാനം ചെയ്തതും ഇതിനെത്തുടർന്നായിരുന്നു.




Back To Blog Home Page