നാദാപുരം മേഖലയിലെ ഗെയ്ല്‍ പൈപ്പ് ലൈൻ സര്‍വേ പൂര്‍ത്തിയായികോഴിക്കോട്:ഏറെ പ്രതിഷേധങ്ങള്‍ ഉടലെടുത്ത നാദാപുരം മേഖലയിലെ ഗെയ്ല്‍ സര്‍വേ പൂര്‍ത്തിയായി. നാദാപുരം ഭാഗത്ത് 12 കിലോമീറ്റര്‍ സ്ഥലത്തുകൂടിയാണ് ഗെയ്ല്‍ പൈപ്പ് കടന്നുപോകുന്നത്. പെരുമുണ്ടച്ചേരി, കുമ്മങ്കോട്, ചാലപ്പുറം, കക്കംവള്ളി, തൂണേരി, മുടവന്തേരി ഭാഗങ്ങളിലൂടെയാണ് ഗെയില്‍ പൈപ്പ് കടന്നുപോകുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. ഗെയ്ല്‍ പൈപ്പ് കടന്നുപോകുന്ന 12 കിലോമീറ്ററിനുള്ളില്‍ വീടുകളൊന്നും നഷ്ടപ്പെടുന്നില്ല. വീടിന്റെ മതിലുകള്‍ നഷ്ടപ്പെടുന്ന ഭാഗങ്ങളുണ്ട്. കാര്‍ഷികവിളകള്‍ വ്യാപകമായി വെട്ടിമാറ്റേണ്ടിവരും. കുമ്മങ്കോട്, മുടവന്തേരി, ചാലപ്പുറം ഭാഗങ്ങളില്‍ നിരവധി കാര്‍ഷിക വിളകള്‍ ഇതിനകം വെട്ടിമാറ്റിയിട്ടുണ്ട്. ബാക്കിയുള്ള കാര്‍ഷികവിളകള്‍ വെട്ടിമാറ്റുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാനാണ് ഗെയ്ല്‍ അധികൃതരുടെ പദ്ധതി. വെട്ടിമാറ്റിയ കാര്‍ഷിക വിളകളുടെ കണക്കെടുപ്പുകള്‍ ഈയാഴ്ച പൂര്‍ത്തീകരിക്കുമെന്ന് ഗെയ്ല്‍ അധികൃതര്‍ പറഞ്ഞു. നിലവില്‍ നഷ്ടപ്പെടുന്ന കാര്‍ഷിക വിളകളുടെ കണക്കുകള്‍ ഇതോടൊപ്പം ശേഖരിക്കും. തുടര്‍ന്ന് ഗെയ്ല്‍ അധികൃതരും കര്‍ഷകരും തമ്മില്‍ ഉടമ്പടിയുണ്ടാക്കും. കര്‍ഷകര്‍ക്കുള്ള നഷ്ടങ്ങളുടെ തോതനുസരിച്ച് സഹായധനം നല്‍കുമെന്ന് ഗെയ്ല്‍ അധികൃതര്‍ അറിയിച്ചു.