വയലട-നമ്പികുളം ടൂറിസം പദ്ധതി; 4.92 കോടിയുടെ പ്രവർത്തികൾക്ക് അനുമതി

വയലട മുള്ളൻപാറയിൽ നിന്നുള്ള ദൃശ്യം.

കോഴിക്കോട്:വയലട-നമ്പികുളം ടൂറിസം പദ്ധതിക്ക് പുത്തൻ പ്രതീക്ഷയായി 4.92 കോടിയുടെ പ്രവർത്തനാനുമതി ലഭിച്ചു. 3.47 കോടി രൂപയാണ് വയലടക്ക് അനുവദിച്ചിട്ടുള്ളത്. 1.45 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നമ്പികുളത്തും നടത്തും. ഡിടിപിസിയാണ് പദ്ധതി നടപ്പാക്കുന്നത്. വയലട, മണിച്ചേരി, ചുരത്തോട് പ്രദേശങ്ങളുടെ വിനോദ സഞ്ചാര സാധ്യതകളെ പൂർണമായി ഉപയോഗപ്പടുത്തുകയാണ് നിലവിലെ പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയോട് ഇണങ്ങിയ വികസന പ്രവർത്തനങ്ങൾ നടത്തും.

ശുചിമുറികള്‍, വിശ്രമ കേന്ദ്രങ്ങള്‍, വാച്ച് ടവര്‍, കഫെറ്റീരിയ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. നിലവിൽ വയലട മേഖലയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഒരു വിധത്തിലുള്ള പ്രാഥമിക സൗകര്യങ്ങളും ലഭ്യമല്ല. എല്ലാതരം കാലാവസ്ഥയിലും ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. മുള്ളൻപാറയിൽ നിന്നുള്ള കാഴ്ചകളും കാട്ടരുവികളും കുന്നുകളുടെ കാഴ്ചകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. കുന്നിൻ മുകളിൽ നിന്നുള്ള റിസർവോയർ ദൃശ്യങ്ങൾ മികച്ച കാഴ്ചയാണ് ഒരുക്കുന്നത്. വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതോടൊപ്പം തലയാട് ചുരത്തോട് പ്രദേശവും ടൂറിസം പദ്ധതിയുടെ ഭാഗമാക്കും. വയലടയ്ക്ക് സമീപമുള്ള തോരാട് മലയും ഏറെ പ്രകൃതി സൗന്ദര്യം നിറഞ്ഞതാണ്. ഈ മേഖലയിൽ നിരവധി അരുവികളും വെള്ളച്ചാട്ടങ്ങളുമുണ്ട്. വികസന സാധ്യതകൾ വൈകാതെ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികളും നാട്ടുകാരും.

Post a Comment

0 Comments