പാറോപ്പടി- കണ്ണാടിക്കൽ ജലാശയം: വിശദപഠനത്തിന് തുടക്കമായികോഴിക്കോട്: പാറോപ്പടി ജലാശയപദ്ധതിയുടെ രണ്ടാംഘട്ട സാധ്യതാപഠനത്തിന് തുടക്കമായി. ചെറിയ ജലാശയം വികസിപ്പിക്കാനുള്ള പദ്ധതി പ്രായോഗികമാണോയെന്ന് കണ്ടെത്താനുള്ള പഠനത്തിന് സി.ഡബ്ല്യു.ഡി.ആര്‍.ഡി.എമ്മാണ് നേതൃത്വം നല്‍കുന്നത്. പ്രാഥമികപഠനത്തില്‍ ജലാശയനിര്‍മിതിക്ക് ഇവിടെ സാധ്യതയുണ്ടെന്ന് അസി. ഡബ്ല്യു.ഡി.ആര്‍.ഡി.എം. കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായ പഠനത്തിന് ശുപാര്‍ശയും നല്‍കി. പഠനത്തിന്റെ ആദ്യ ഘട്ടമാണ് തുടങ്ങിയത്. വേനല്‍ക്കാലത്തെ ജലലഭ്യതയാണ് ആദ്യഘട്ടത്തില്‍ പഠനവിധേയമാക്കിയത്. രണ്ടാംഘട്ടത്തില്‍ മഴക്കാലത്തെ ജലനിരപ്പും മറ്റും പഠനവിധേയമാക്കുമെന്ന് സി.ഡബ്ല്യു.ഡി.ആര്‍.ഡി.എം. ശാസ്ത്രജ്ഞന്‍ ഡോ. വി.പി. ദിനേശന്‍ പറഞ്ഞു.

ജലസംരക്ഷണത്തിനും വിനോദസഞ്ചാരത്തിനും പ്രയോജനപ്പെടുന്ന പദ്ധതി എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യാണ് മുന്നോട്ടുവെച്ചത്. പാറോപ്പടി കണ്ണാടിക്കല്‍ നിട്ടൂര്‍വയല്‍, നെടുകുളം പുഞ്ച എന്നിവ കേന്ദ്രീകരിച്ച് 65 ഏക്കറിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 45 ഏക്കറില്‍ വിസ്തൃതമായ തടാകം നിര്‍മിക്കും. ബാക്കിയുള്ള സ്ഥലത്ത് ഔഷധവൃക്ഷങ്ങളും മറ്റും വെച്ചുപിടിപ്പിക്കും. പാര്‍ക്ക്, കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയും ഇതോടനുബന്ധിച്ചുണ്ടാവും. നഗരത്തിലെ കുടിവെള്ളലഭ്യതയ്ക്ക് വലിയ മുതല്‍ക്കൂട്ടാവും പദ്ധതി. വിനോദസഞ്ചാര മേഖലയ്ക്കും പദ്ധതി ഉണര്‍വുണ്ടാക്കും.

കലാ, സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ സാധിക്കുന്ന വിധത്തില്‍ പ്രകൃതിസൗഹൃദ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുകയെന്ന് പ്രദീപ്കുമാര്‍ എം.എല്‍.എ. അറിയിച്ചു. സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിനുശേഷം നഗരത്തില്‍ ആദ്യമായാണ് മനുഷ്യനിര്‍മിത ജലാശയം നിര്‍മിക്കപ്പെടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം വിളിച്ചിരുന്നു. സ്ഥലം വിട്ടുനല്‍കാമെന്ന് ഭൂരിഭാഗം ഉടമകളും സമ്മതിച്ചതായി എം.എല്‍.എ. പറഞ്ഞു. സ്ഥലമുടമകളെ പങ്കാളികളാക്കിയാവും പദ്ധതി നടപ്പാക്കുക. ജനകീയ പങ്കാളിത്തത്തോടെയാവും നിര്‍മാണ പ്രവര്‍ത്തനങ്ങളെന്നും പ്രദീപ്കുമാര്‍ വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ടുപോവാന്‍ നേരത്തെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കമ്പനി രൂപവത്കരിക്കും. വിനോദസഞ്ചാര വകുപ്പിനെ പദ്ധതിയുടെ നടത്തിപ്പ് ചുമതലക്കാരാക്കാനും തീരുമാനിച്ചു. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ 20 കോടി വകയിരുത്തുകയും ചെയ്തിരുന്നു. സര്‍വേക്കായി അഞ്ചുലക്ഷം നീക്കിവെച്ചു.

Post a Comment

0 Comments