ഓപ്പറേഷന്‍ സാഗര്‍ റാണി; പിടികൂടിയത് 12,000 കിലോഗ്രാം മത്സ്യംഇതര സംസാനത്ത് നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മത്സ്യങ്ങൾ ഉപയോഗശൂന്യമായ 12,000 കിലോഗ്രാം മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ പിടികൂടിയത്.ഇത്തരം മത്സ്യങ്ങളിൽ മാരക വിഷാംഷങ്ങൾ കണ്ടെത്തിയെന്ന് മന്ത്രി കെ.കെ ഷൈലജ ടീച്ചർ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ കാര്യം പറഞ്ഞത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

"വസ്തുക്കളില്‍ മായം ചേര്‍ക്കുക എന്നത് ഒരിക്കലും പൊറുക്കാനാകാത്ത തെറ്റാണ്. മനുഷ്യനെ മാരകമായ രോഗങ്ങളിലേക്ക് തള്ളിവിടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയ്‌ക്കൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോഗ്രാം മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മത്സ്യം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച് കളയുന്നതാണ്. പാലക്കാട് വാളയാറില്‍ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചു.

ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുന്നതാണ്. മത്സ്യങ്ങള്‍ കേടുകൂടാതെ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഓപ്പറേഷന്‍ സാഗര്‍റാണി എന്ന പേരില്‍ ഈ സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി ആരംഭിച്ചത്. മൂന്ന് ഘട്ടമായാണ് ഓപ്പറേഷന്‍ സാഗര്‍ റാണി നടപ്പിലാക്കുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍, ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്.

മത്സ്യബന്ധന വിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ കെമിക്കല്‍, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാം ഘട്ടത്തില്‍ ചെയ്തത്. ഇതില്‍ കണ്ടെത്തിയ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. ഇതിന്റെയടിസ്ഥാനത്തിലാണ് വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ റെയ്ഡ് നടത്തിയത്. ഇനിയും വ്യാപകമായ പരിശോധനകള്‍ തുടരുന്നതാണ്. മനുഷ്യ ശരീരം കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാലിന്‍ കഴിക്കുന്ന മീനിനൊപ്പം ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ അതീവ ഗൗരവമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇതിനെ കാണുന്നത്."

Post a Comment

0 Comments