കോഴിക്കോട്: ഇന്നലെത്തെ മുത്തപ്പൻ പുഴയുടെ പരിസരത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മലയോര മേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഈ പ്രദേശത്തെ 12 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. മഴയെ തുടർന്ന് ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കലക്ടർ ഇന്ന് അവധി നൽകി, കൂടാതെ അഗ്നി രക്ഷാ സേനയ്ക്ക് കലക്ടർ ജാഗ്രത നിർദ്ദേശം നൽകി. കാലവര്‍ഷം കനത്തതോടെ വെള്ളപ്പൊക്ക ഭീഷണിയില്‍ മലയോരം. ഇരുവഞ്ഞിപുഴയും ചെറുപുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. മേഖലയിലെ ഭൂരിഭാഗം താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
വ്യാപകമായ മണ്ണിടിച്ചിലും കൃഷിനാശവും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ മഴയോടൊപ്പം വീശുന്ന ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചിലയിടങ്ങളില്‍ പാലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. എന്നാല്‍ ഇന്നലെ വിദ്യാലയങ്ങളില്‍ നടന്ന പ്രവേശനോത്സവങ്ങളെ മഴ കാര്യമായി ബാധിച്ചില്ല.
മുക്കം ബെന്റ് പൈപ്പ് പാലവും കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ മൈതാനവും പൂര്‍ണമായും വെള്ളത്തിനടിയിലായി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി, മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി അടക്കമുള്ള പ്രദേശങ്ങളിലും വെള്ളം കയറി. മരങ്ങള്‍ കടപുഴകി വീണ് ഇടയ്ക്കിടയ്ക്ക് വൈദ്യുതബന്ധം തകരാറിലാകുന്നതിനാല്‍ പലപ്പോഴും മണിക്കൂറുകളോളം പ്രദേശം ഇരുട്ടിലാണ്. ചെറിയ പെരുന്നാള്‍ വിപണിയെയും റംസാന് ആഘോഷങ്ങളെയും മഴ സാരമായി ബാധിച്ചിട്ടുണ്ട്.
ഉരുൾപൊട്ടല്‍, വെള്ളപ്പൊക്കം ഭീഷണിയെ തുടര്‍ന്ന് മലയോര മേഖലയിലെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയില്‍ പകര്‍ച്ചപ്പനിയും പടര്‍ന്നുപിടിക്കുകയാണ്. ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചപ്പനി ലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. നിപ്പാ വൈറസ് ഭീതിയെ തുടര്‍ന്ന് ആശുപത്രികളിലേക്ക് ആളുകള്‍ വരാന്‍ മടിച്ചിരുന്ന സ്ഥിതിക്ക് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. മഴ കനത്തത് നിര്‍മാണ മേഖലയെയും ഇതരസംസ്ഥാന തൊഴിലാളികളെയും സാരമായി ബാധിച്ചിട്ടുണ്ട്.
കാലവര്‍ഷം തുടങ്ങിയതോടെ ജില്ലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും ഇതുവരെ ഒരാള്‍ മരിക്കുകയും വീടുകളും കൃഷിയിടങ്ങളും നശിക്കുകയും ചെയ്തതായി ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ട്രോള് റൂം അറിയിച്ചു. എല്ലാ താലൂക്കുകളിലും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. നാല് വീടുകള്‍ പൂര്‍ണമായും നശിക്കുകയും 219 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകൾ പറ്റുകയും ചെയ്തു. 24 മണിക്കൂറിനിടെ 12 വീടുകള്‍ക്കും ഭാഗികമായി നാശനഷ്ടമുണ്ടായി. കൂടാതെ 53.21 ഹെക്ടര്‍ കൃഷിനാശമാണ് കാലവര്‍ഷത്തില്‍ ജില്ലയിലുണ്ടായത്. രണ്ട് ദിവസത്തില്‍ മാത്രം 5.8 ഹെക്ടര്‍ കൃഷി നശിച്ചു. 2.32 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് കണക്കാക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതിനു ശേഷം ഇതുവരെ 332.3 മില്ലി മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. ഇന്നലെ 23.7 മില്ലി മിറ്റര്‍ മഴയാണ് ലഭിച്ചത്.
0 Comments