കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്: സ്വകാര്യ മേഖലയ്ക്ക് 51% ഓഹരി പങ്കാളിത്തം



തിരുവനന്തപുരം:ലാപ്ടോപ്പും സെർവറും നിർമിക്കാനുള്ള കേരളത്തിന്റെ സ്വന്തം സംരംഭത്തിൽ സ്വകാര്യ മേഖലയ്ക്ക് 51 ശതമാനം ഒാഹരിപങ്കാളിത്തം. ഇതിനായി രണ്ടു സ്വകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന കമ്പനിയുടെ കരാറൊപ്പിടൽ ഈ മാസം 25-ന് നടന്നേക്കും.

ലാപ്‌ടോപ്പ് നിർമാണ കമ്പനിയിൽ 49 ശതമാനമാണ് സർക്കാരിന്റെ ഒാഹരിപങ്കാളിത്തം. പദ്ധതിക്ക്‌ മേൽനോട്ടം വഹിക്കുന്ന കെൽട്രോണിന് 26 ശതമാനവും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന് (കെ.എസ്.ഐ.ഡി.സി.) 23 ശതമാനവും ഓഹരിയുണ്ടാകും. സ്വകാര്യ മേഖലയെ പ്രതിനിധീകരിക്കുന്നത് യു.എസ്.ടി., ആക്‌സിലറോൺ എന്നിവയാണ്. ഈ രണ്ടു കമ്പനികൾക്കും കൂടിയാണ് 51 ശതമാനം ഓഹരി. 25-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നാലു സ്ഥാപനങ്ങളും കരാറൊപ്പിടും. ലാപ്‌ടോപ്പ് നിർമാണത്തിൽ കേരളത്തെ സഹായിക്കാൻ അംഗീകൃത ഡിസൈൻ മാനുഫാക്ചറേഴ്‌സിനെ (ഒ.ഡി.എം.) തിരഞ്ഞെടുക്കും. കമ്പനി രൂപവത്കരിച്ച ശേഷം ഈ തിരഞ്ഞെടുപ്പുണ്ടാകും. മൂന്നു ചൈനീസ് കമ്പനികളാണ് ഒ.ഡി.എം. ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. സർക്കാർ പ്രതിനിധികൾ ചൈന സന്ദർശിച്ച് നിർമാണസാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. ഇന്റലിന്റെ സഹായത്തോടെയാണ് ഒ.ഡി.എം. കണ്ടെത്തിയത്. ലാപ്‌ടോപ്പിന്റെ ബ്രാൻഡ് നാമം, വിപണനം എന്നിവയും ഉടൻ തീരുമാനിക്കുമെന്ന് അധികൃതർ പറഞ്ഞു. സർക്കാർതലത്തിൽ തന്നെ വർഷം ഒരു ലക്ഷം ലാപ്‌ടോപ്പിന്റെ ആവശ്യമുണ്ട്


ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് ആദ്യം ലാപ്‌ടോപ്പ് വിപണിയിലെത്തിക്കുക. ഇതിനായി ലാപ്‌ടോപ്പിന്റെ ഘടകങ്ങൾ അടങ്ങുന്ന ‘സെമി നോക്ക് ഡൗൺ കിറ്റ്’ (എസ്.കെ.ഡി. കിറ്റ്) വാങ്ങും. രണ്ടു വർഷത്തിനകം സ്വന്തം നിലയിൽ ലാപ്‌ടോപ്പ് പുറത്തിറക്കാനാണ് സർക്കാർ നിർദേശം. കെൽട്രോണിന്റെ തിരുവനന്തപുരം മൺവിളയിലുള്ള ഭൂമിയും കെട്ടിടവും പദ്ധതിക്ക്‌ ഉപയോഗിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. 30 കോടി രൂപയാണ് പ്രാരംഭ മുതൽമുടക്ക് കണക്കാക്കിയിട്ടുള്ളത്. ഇലക്‌ട്രോണിക്‌സ് ഹാർഡ്‍വേർ നിർമാണ ഹബ്ബായി കേരളത്തെ മാറ്റാനാണ് പദ്ധതി. ആദ്യം ലാപ്ടോപ്പും രണ്ടാം ഘട്ടമായി സെർവറും. പിന്നീട് മറ്റ് ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമാണവുമാണ് ഉദ്ദേശിക്കുന്നത്.

Post a Comment

0 Comments