പുതിയാപ്പ ഫിഷിങ് ഹാർബർ: പുതിയ വാർഫിന് ടെൻഡർ
കോഴിക്കോട്:പുതിയാപ്പ മൽസ്യബന്ധന തുറമുഖത്തിൽ പുതിയ വാർഫ് നിർമാണത്തിനുള്ള പ്രവൃത്തി ടെൻഡർ ചെയ്തു. 100 മീറ്റർ വീതം നീളമുള്ള രണ്ടു വാർഫുകൾ നിർമിക്കുന്ന പദ്ധതിയുടെ കരാറിനായി രണ്ടു കമ്പനികളാണു മുന്നോട്ടുവന്നിരിക്കുന്നത്. ഇവർ സമർപ്പിച്ചിരിക്കുന്ന ടെക്നിക്കൽ, ഫിനാൻഷ്യൽ ബിഡുകൾ പരിശോധിച്ച് കരാർ കമ്പനിയെ തിരഞ്ഞെടുക്കും. നടപടികൾ മറ്റുതടസ്സങ്ങളില്ലാതെ മുന്നോട്ടുപോയാൽ ഒരുമാസത്തിനുള്ളിൽതന്നെ കരാർ ഒപ്പുവയ്ക്കാൻ കഴിഞ്ഞേക്കും. 18 മാസത്തെ കാലാവധിയിൽ നിർമാണം പൂർത്തിയാക്കണമെന്നാണു നിബന്ധന. നിലവിൽ പുതിയാപ്പയിൽ മൽസ്യവുമായെത്തുന്ന ട്രോളറുകൾക്ക് അടുക്കാനായി 275 മീറ്റർ നീളമുള്ള ഒരു ഫിഷ് ലാൻഡിങ് ജെട്ടി മാത്രമാണുള്ളത്. മത്സ്യമിറക്കി കഴിഞ്ഞാലും യാനങ്ങൾ ഇവിടെത്തന്നെ കെട്ടിയിടേണ്ടിവരുന്നത് സ്ഥലപരിമിതിയുള്ള ജെട്ടിയിൽ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് മൽസ്യമിറക്കിയ യാനങ്ങൾ സൂക്ഷിക്കാൻകൂടിയുള്ള സൗകര്യം കണക്കിലെടുത്ത് രണ്ടു വാർഫുകൾ നിർമിക്കാനുള്ള പദ്ധതി ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയത്. എട്ടു മുതൽ 10 മീറ്റർ വരെ നീളമുളള ബോട്ടുകൾ ഹാർബറിൽ അടുപ്പിച്ചു മൽസ്യ വിപണനം നടത്തുന്ന തരത്തിലാണ് ഇപ്പോഴുള്ള ലാൻഡിങ് ജെട്ടിയുടെ രൂപകൽപന. എന്നാൽ 18 മുതൽ 25 മീറ്റർവരെ വലുപ്പമുളള ബോട്ടുകളാണ് ഇപ്പോൾ മൽസ്യബന്ധനത്തിനായി ഉപയോഗിക്കുന്നത്. നിലവിലുളള വാർഫിന്റെ നീളവും ഉയരവും വലിയ ബോട്ടുകൾക്ക് ഹാർബറിൽ അടുത്ത് മൽസ്യം ഇറക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

നിലവിലുളളതിനെക്കാൾ ഉയരത്തിലും 100 മീറ്റർ നീളത്തിലുമുളള രണ്ട് വാർഫുകൾ കൂടി പുതിയാപ്പയിൽ നിർമിക്കുമ്പോൾ ഈ പ്രശ്‌നത്തിനും പരിഹാരമാകും. മൊത്തം 500 ട്രോളറുകളാണ് പുതിയാപ്പ കേന്ദ്രീകരിച്ചു മൽസ്യബന്ധനം നടത്തുന്നത്. കേന്ദ്ര പദ്ധതിയായ രാഷ്‌ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി (ആർകെവിവൈ) 11.51 കോടി രൂപയാണ് ഹാർബറിനായി അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം നിലവിലുള്ളതിന്റെ അറ്റകുറ്റപ്പണിക്കും തുക ഉപയോഗിക്കും. ചെലവിന്റെ 50% സംസ്‌ഥാന സർക്കാരും 50 % കേന്ദ്രസർക്കാരും വഹിക്കുമന്നാണ് ധാരണ. പദ്ധതിക്ക് ഏപ്രിലിലാണ് സാങ്കേതികാനുമതി ലഭിച്ചത്. ആദ്യത്തെ ടെൻഡറിൽ പങ്കെടുക്കാനെത്തിയത് ഒരു കമ്പനി മാത്രമായതിനാൽ വീണ്ടും ടെൻഡർ വിളിക്കുകയായിരുന്നു. വെള്ളയിൽ: തെക്കേ പുലിമുട്ട് 360 മീറ്റർ ഉടൻ ദീർഘിപ്പിക്കണം വെള്ളയിൽ മൽസ്യബന്ധന തുറമുഖത്തിന്റെ തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടാനുള്ള പദ്ധതി ഇനിയും കടലാസിൽതന്നെ.

നിലവിൽ പുലിമുട്ടുകളുടെ ഇടയിൽ ശക്തമായ ഓളങ്ങളുണ്ടാകുന്നതിനാൽ മൽസ്യബന്ധന വള്ളങ്ങൾക്ക് അടുക്കാനാകാത്ത സ്ഥിതിയുണ്ട്. ഇതിനകം പലവള്ളങ്ങൾക്കു കേടുപാടുപറ്റിക്കഴിഞ്ഞു. ഇതിനുള്ള പരിഹാരമായാണ് തെക്കേ പുലിമുട്ടിന്റെ നീളം 490 മീറ്റർ വർധിപ്പിക്കണമെന്ന നിർദേശം വന്നത്. ഇതിനായി നബാർഡിൽനിന്ന് 22 കോടി ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയും നടപ്പായിട്ടില്ല. അതേസമയം, അടിയന്തര ആവശ്യമെന്ന നിലയ്ക്ക് 360 മീറ്റർ ദീർഘിപ്പിക്കാനുള്ള പദ്ധതി ഹാർബർ എൻജിനീയറിങ് വിഭാഗം സമർപ്പിച്ചിട്ടുണ്ട്. ഇതിനായി 15.4 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നബാർഡിന്റെതന്നെ 6.5 കോടി ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യവികസനം ഹാർബറിൽ നടപ്പാക്കിവരികയാണ്. ഹാർബർ എൻജിനീയറിങ്ങിന്റെ ഓഫിസ് കെട്ടിടത്തിന്റെ പ്രവൃത്തിക്കു കരാറായിട്ടുണ്ട്. ഇതുകൂടാതെ വാഹനപാർക്കിങ് സൗകര്യം, ഹാർബറിനുള്ളിലെ റോഡ്, ചുറ്റുമതിൽ എന്നിവയും ആറരക്കോടിയിൽ ഉൾപ്പെടുന്നു.

Post a Comment

0 Comments