കോഴിക്കോട്:ബേപ്പൂരിന്റെ ഉരുനിർമാണ പൈതൃകത്തിനു സർക്കാരിന്റെ കയ്യൊപ്പ്. സാംസ്കാരിക വകുപ്പ് തയാറാക്കിയ സംസ്ഥാനത്തെ 20 പൈതൃക ഗ്രാമങ്ങളുടെ പട്ടികയിൽ ബേപ്പൂർ ഇടംപിടിച്ചു. ഉരുനിർമാണ മാതൃക ലോകത്തിനു പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ബേപ്പൂരിന്റെ പൈതൃകം നിലനിർത്തുന്നതിനാവശ്യമായ വിവിധ പരിപാടികളാണ് സാംസ്കാരിക വകുപ്പ് വിഭാവനം ചെയ്യുന്നത്. മാതൃകാ ഉരുനിർമാണവും പരമ്പരാഗത കരകൗശല വിദ്യയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിനായി മൂന്നു വർഷത്തേക്കുള്ള കർമ പദ്ധതി ആവിഷ്കരിച്ചു. മാതൃക ഉരുനിർമാണ വ്യവസായം യന്ത്രവൽക്കരിക്കുന്നതോടൊപ്പം ബേപ്പൂരിൽ കൾച്ചറൽ ഹബ്ബ് സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതിയുടെ നോഡൽ ഏജൻസി. കരകൗശല ഉരു നിർമിക്കുന്ന തൊഴിലാളികൾക്കു വിദഗ്ധ പരിശീലനം നൽകി അവരെ സ്വയം പര്യാപ്തരാക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു. 140 പേർക്കു കഴിഞ്ഞ ദിവസം പരിശീലനം നൽകി. യന്ത്ര സഹായത്തോടെ നിർമാണം പരിശീലിപ്പിക്കുന്നതിനൊപ്പം വിപണന സാധ്യതയും ഉറപ്പു വരുത്തും. കേരളത്തിന്റെ തനതു സംസ്കാരവും പൈതൃകവും തേടി ഒട്ടേറെ വിദേശ വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഇവരെ ബേപ്പൂരിലേക്ക് ആകർഷിക്കാൻ പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തൽ.
കടൽത്തീര വിനോദ സഞ്ചാര കേന്ദ്രവും തുറമുഖവും മത്സ്യബന്ധന കേന്ദ്രവുമുൾപ്പെടുന്ന പ്രകൃതി രമണീയമായ ബേപ്പൂരിന്റെ ടൂറിസം സാധ്യതകളും പൈതൃക ഗ്രാമത്തിൽ ലക്ഷ്യമിടുന്നുണ്ട്. നാമാവശേഷമാകുന്ന ഉരുനിർമാണ മേഖലയ്ക്കു പ്രതീക്ഷയേകുന്നതാണ് സർക്കാർ തീരുമാനം. പുതുതലമുറ ഉരു നിർമാണ രംഗത്തേക്കു കടന്നുവരാത്തതും മര വ്യവസായത്തിനേറ്റ തളർച്ചയും ബേപ്പൂരിന്റെ പൈതൃകത്തിനു തിരിച്ചടിയായിരുന്നു. ഇതു പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് പരമ്പരാഗത വ്യവസായത്തിനു പ്രോത്സാഹനമേകി പൈതൃകം സംരക്ഷിക്കാനുള്ള സാംസ്കാരിക വകുപ്പിന്റെ പരിശ്രമം.
0 Comments