നമ്മുടെ നഗരം ഒരു ദിവസം പുറന്തള്ളുന്നത് 16 ടൺ പ്ലാസ്റ്റിക്



കോഴിക്കോട്:നമ്മുടെ നഗരം പ്രതിദിനം പുറന്തള്ളുന്നത് 16 ടൺ പ്ലാസ്റ്റിക്കെന്ന് ശുചിത്വമിഷന്റെ കണക്ക്. വീടുകളും സ്ഥാപനങ്ങളുമെല്ലാം ചേർന്ന് ഉപയോഗിച്ചുതള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നല്ലൊരുഭാഗവും പാഴ്‌വസ്തു വ്യാപാരികൾ ഏറ്റെടുക്കുന്നതാണ് നഗരത്തിന് രക്ഷയാകുന്നത്. ഇതു പിന്നീട് പുനഃചംക്രമണത്തിനായി കേരളത്തിനു വെളിയിലേക്ക് എത്തിക്കുന്നതാണു പതിവ്. വേങ്ങേരി നിറവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോർപറേഷൻ ഉടമസ്ഥതയിലുള്ള വെസ്റ്റ്ഹിൽ പ്ലാന്റിലേക്ക് ദിവസവും ഒരു ടൺ വീതം പ്ലാസ്റ്റിക് എത്തുന്നുണ്ടെന്ന് പ്രോജക്ട് കോഓർഡിനേറ്റർ ബാബു പറമ്പത്ത് അറിയിച്ചു. എന്നാൽ പ്ലാന്റിന്റെ സംസ്കരണ ശേഷി പ്രതിദിനം രണ്ടു ടണ്ണാണ്. മെഡിക്കൽ കോളജിൽ ഉൽപാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കടക്കമുള്ള അജൈവമാലിന്യം ഏറ്റെടുക്കുന്നത് സ്വകാര്യ കമ്പനിയാണ്. ഇതുകൂടാതെ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഏതാനും ഷ്രെഡിങ് യൂണിറ്റുകളും നഗരത്തിലുണ്ട്. പ്ലാസ്റ്റിക് വൃത്തിയാക്കി ശേഖരിച്ചുവച്ച് നിശ്ചിത ഇടവേളകളിൽ സംസ്കരണത്തിനായി അയയ്ക്കുന്നതിൽ ചില വാർഡുകൾ വേണ്ടത്ര മികവു പുലർത്തുന്നില്ല എന്ന സ്ഥിതിയുണ്ട്.

അതേസമയം, നെല്ലിക്കോട്, പൊറ്റമ്മൽ, കൊമ്മേരി, കുറ്റിയിൽതാഴം, വേങ്ങേരി, പാറോപ്പടി, കുണ്ടൂപ്പറമ്പ്, കരുവിശ്ശേരി, മലാപ്പറമ്പ്, ചേവരമ്പലം എന്നിങ്ങനെ ഇരുപതിലധികം വാർഡുകളിൽ മികച്ച രീതിയിലാണ് പ്ലാസ്റ്റിക് നീക്കം. റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് ഇവിടങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. ജൈവവും  അജൈവവുമടക്കം നഗരത്തിൽ മൊത്തം 300 ടൺ മാലിന്യമാണ് ഒരു ദിവസം ഉൽപാദിപ്പിക്കപ്പെടുന്നതെന്ന് ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ സി. കബനി പറഞ്ഞു.

സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി, കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ്, അറവുമാലിന്യ പ്ലാന്റ് എന്നിവയിലൂടെ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും. ഇതോടൊപ്പം കോർപറേഷൻ പദ്ധതിയിടുന്ന എംആർഎഫുകളും (മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി) കൂടി പ്രവർത്തനക്ഷമമാകുമ്പോൾ നഗരത്തിലെ പ്ലാസ്റ്റിക് പ്രശ്നം ഗണ്യമായി കുറയുമെന്നാണു കണക്കുകൂട്ടുന്നത്.

Post a Comment

0 Comments