പെരുവണ്ണാമൂഴി ആറ് മെഗാവാട്ട് ജലവൈദ്യുതി പദ്ധതി യാഥാർഥ്യമാകുന്നു

പെരുവണ്ണാമൂഴി ഡാം

കോഴിക്കോട്: പെരുവണ്ണാമൂഴി ആറ് മെഗാവാട്ട് ജലവൈദ്യുതി പദ്ധതി യാഥാർഥ്യമാക്കുന്നതിന് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതലയോഗത്തിൽ തീരുമാനമായി. വൈദ്യുതി മന്ത്രി എം.എം. മണിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, മാത്യു ടി. തോമസ്, വൈദ്യുതി ബോർഡ്, ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കക്കയം ഡാമി​ന്റെ മൂന്ന് മെഗാവാട്ട് ജലവൈദ്യുത പദ്ധതി അടുത്തിടെയാണ് കമ്മീഷൻ ചെയ്തത്. അന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന മീറ്റിങ് തീരുമാന പ്രകാരമാണ് തിരുവനന്തപുരത്ത് യോഗം നടന്നത്. പദ്ധതിക്ക് ഡാം സേഫ്റ്റി അനുമതി ലഭിച്ചിട്ടുണ്ട്. ജലസേചന വകുപ്പും സംസ്ഥാന വൈദ്യുതി ബോർഡും തമ്മിലുണ്ടാക്കിയ ധാരണപത്രത്തിൽ മൂന്ന് ഭേദഗതികൾ ആവശ്യമായിരുന്നു. ഭേദഗതികൾക്ക് ബുധനാഴ്ചെത്ത യോഗം അംഗീകാരം നൽകി. പുതിയ ധാരണപത്രം രണ്ടു ദിവസത്തിനകം ഒപ്പുവെക്കുന്നതിനും മന്ത്രിതല യോഗം തീരുമാനിച്ചു. ആറ് മെഗാവാട്ട് ജലവൈദ്യുതി പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ നിർദേശം നൽകി. ഭേദഗതികളോടെയുള്ള ധാരണപത്രമനുസരിച്ച് പദ്ധതി എത്രയും വേഗം നടപ്പാക്കാനാണ് തീരുമാനം. കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ ജോഷി, സുരേഷ്, എം. സലീം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments