മെഡിക്കൽ കോളേജിൽ 14.5-കോടിയുടെ രണ്ട് മലിനജല ശുചീകരണ പ്ലാന്റുകൾക്ക് ഭരണാനുമതി



കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് മലിനജലശുചീകരണ പ്ലാന്റുകൾ കൂടി സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി. 14.5-കോടി രൂപ ചിലവിലാണ് പദ്ധതി ഒരുങ്ങുന്നത്. കോർപ്പറേഷന്റെ അമൃതം പദ്ധതിയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു പ്ലാന്റ് ദന്തൽകോളേജിന് പിൻഭാഗത്തും നിലവിലുള്ള പ്ലാന്റിന് സമീപത്ത് രണ്ടാമത്തെ പ്ലാന്റും സ്ഥാപിക്കും. അത്യാഹിത വിഭാഗം, മോർച്ചറി, പേവാർഡുകൾ, ദന്തൽകോളേജ്, എന്നിവിടങ്ങളിലെ മലിനജലം ആദ്യത്തെ പ്ലാന്റിലും ചെസ്റ്റ് ഹോസ്പിറ്റൽ, പുതുതായി വന്ന ക്യാൻസർ സെന്റർ, 160 ക്വാട്ടേസുകൾ, ഒമ്പത് ഹോസ്റ്റലുകൾ, എന്നിവിടങ്ങളിലെ മലിനജലം രണ്ടാമത്തെ പ്ലാന്റിലും ശുചീകരിക്കും. ഇതോടെ മെഡിക്കൽ കോളേജിൽ മൂന്ന് ശുചീകരണ പ്ലാന്റുകളാവുകയും സംഭരണ ശേഷി കൂടുതൽ വർധിക്കുകയും ചെയ്യും.



കെട്ടിടങ്ങളിൽ നിന്നും മറ്റും ഒഴുകിയെത്തുന്ന മഴവെള്ളം മലിനജലവുമായി ചേർന്നൊഴുകുന്ന സ്ഥിതി നിലവിലുണ്ട്. ഇൗ പ്രശ്നം പരിഹരിക്കാനായി മഴക്കുഴികൾ നിർമ്മിച്ച് മഴവെള്ളം ഭൂമിയിലേക്കിറക്കി വിടുന്ന രീതിയുള്ള സംവിധാനം ഒരുക്കും. ഇതിനോടൊപ്പം ഒാവുചാലുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്തും അറ്റകുറ്റപണികളെടുത്തും ഇവ നവീകരിക്കും. റാം ബയോളജിക്കൽ എന്ന സ്ഥാപനമാണ് അത് സംബന്ധിച്ച പദ്ധതി തയ്യാറാക്കിയത്. പ്ലാന്റിന് സാങ്കേതിക അനുമതിയും നിർമ്മാണ അനുമതിയും ലഭിച്ചതോടെ ടെന്റർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പ്ലാന്റുകൾ പുതുതായി ആരംഭിക്കുന്നതോടെ മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും.

Post a Comment

0 Comments