എന്ന് യാഥാർത്യമാകും ഈ പാലങ്ങൾ

പാലം വരേണ്ട ഉള്ളൂർകടവ്

കോഴിക്കോട്:കൊയിലാണ്ടി അകലാപ്പുഴ, തോരായിക്കടവ്, ഉള്ളൂർകടവ് പാലങ്ങൾ എന്ന് യാഥാർഥ്യമാവുമെന്ന കാത്തിരിപ്പിലാണ് പ്രദേശവാസികൾ പാലങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പധികൃതർ പറയുന്നുണ്ടെങ്കിലും പ്രാരംഭ നടപടികളൊന്നുമായിട്ടില്ല.

വർഷാവർഷം സംസ്ഥാന ബഡ്ജറ്റിൽ പാലങ്ങൾക്ക് തുക വകയിരുത്തുമെന്നല്ലാതെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെയുള്ള നടപടികൾ എവിടെയും എത്തിയില്ല. മൂന്ന് പാലങ്ങളുടെയും സ്ഥിതിയിതാണ്. കൊല്ലം മുചുകുന്ന് റോഡിനെ തുറയൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട അകലാപ്പുഴ പാലം. ബാലുശ്ശേരി-കൊയിലാണ്ടി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് തോരായിക്കടവ് പാലം. ഈ രണ്ട് പാലങ്ങളുടെയും വിശദമായ പ്രോജക്ട് റിപ്പോർട്ട് തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്തേക്ക് പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയർ(ബ്രിഡ്ജസ്) തയ്യാറാക്കി അയച്ചിട്ട് കാലങ്ങളായി. ‌

അകലാപ്പുഴ പാലം വന്നാൽ കണ്ണൂർ-കോഴിക്കോട് ദേശീയപാതയ്ക്ക് ബദൽ റോഡ് യാഥാർഥ്യമാകും. നിലവിൽ കണ്ണൂർ-കൊയിലാണ്ടി ദേശീയപാതാദൈർഘ്യം 70 കിലോമീറ്ററാണ്. പുതിയ ബദൽ റോഡിലൂടെ സഞ്ചരിച്ചാൽ 58 കിലോമീറ്റർ മാത്രം മതിയാകും. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽനിന്നും ഈ ബദൽറോഡ് രക്ഷയാകും. തോരായിയിൽ പാലം നിർമിച്ചാൽ ഇതുവഴി കൂടുതൽ ബസ് സർവീസ് വരും. കടവിന്റെ രണ്ട് ഭാഗത്തു നിന്നും ഇപ്പോൾ ബസ് സർവീസ് ഉണ്ട്. കൂമുളളി, തോരായി, കൊടശ്ശേരി, കുന്നത്തറ, അടുവോട്ട്, വേളൂര്, കുറുവാളൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് കൊയിലാണ്ടി ഭാഗത്തേക്ക് എത്താൻ തോരായി കടവിലെ കടത്തുതോണി മാത്രമാണ് ഇപ്പോൾ ആശ്രയം. ഒള്ളൂർ കടവ്പാലവും നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമാണ്.

തോരായിക്കടവ്, അകലാപ്പുഴ പാലങ്ങൾക്ക് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലവിൽ തർക്കങ്ങളൊന്നുമില്ലെന്ന് കെ. ദാസൻ എം.എൽ.എ.യുടെ ഓഫീസിൽ നിന്നറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഓർഡർ ഇറക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് മറ്റ് നടപടികളിലേക്ക് നീങ്ങും

Post a Comment

0 Comments