മാനാഞ്ചിറ സ്ക്വയറിലെ സായാഹ്നം ഇനി കൂടുതൽ മനോഹരമാകുംകോഴിക്കോട്:മാനാഞ്ചിറ സ്ക്വയറിലെത്തുന്നവർക്ക് ‌പാട്ടുകേട്ടും ചിറയുടെ സൗന്ദര്യം ആസ്വദിച്ചും സായാഹ്നം ഇനി കൂടുതൽ സുന്ദരമാക്കാം. ഡി.ടി.പി.സി.യും കോർപ്പറേഷനും ഉൾപ്പെടുത്തിയാണ് മാനാഞ്ചിറ സൗന്ദര്യവത്കരണം തുടങ്ങിയത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നവീകരണപ്രവൃത്തിയാണ് ഇപ്പോൾ തുടങ്ങിയത്. 80 ലക്ഷം രൂപ ചെലവഴിച്ചാണ് സൗന്ദര്യവത്കരണം. ഇതിന്റെ ഭാഗമായി ബി.ഇ.എം. സ്കൂളിന് എതിർവശം സ്ക്വയറിലേക്ക് പ്രവേശിക്കാൻ പുതിയ ഗേറ്റ് പണിയും. കവാടത്തിന്റെ നിർമാണപ്രവൃത്തി ആരംഭിച്ചു. നിലവിൽ മൂന്ന് ഗേറ്റുകളാണുള്ളത്. ഇപ്പോഴുള്ള കവാടത്തിന്റെ മാതൃകയിൽ തന്നെയായിരിക്കും പുതിയതും. ബി.ഇ.എം. സ്കൂളിനു സമീപം ബസിറങ്ങി സ്ക്വയറിലേക്ക് വരുന്ന ചിലർ മതിൽചാടുന്നത് ഒഴിവാക്കാനാണ് ഗേറ്റ് നിർമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.പുതിയതായി രണ്ട് റെയിൻ ഷെൽട്ടറും നിർമിക്കുന്നുണ്ട്. ഇതിന്റെ നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കും. കനത്തമഴയിൽ തകർന്ന ഷെൽട്ടറിനു സമീപവും അൻസാരി പാർക്കിലുള്ള സ്റ്റേജിനോട് ചേർന്നുമാണ് പുതിയ ഷെൽട്ടർ ഒരുക്കുന്നത്. ജലധാരയ്ക്ക് സമീപം ആളുകൾക്ക് ഇരിക്കാൻ ഗാലറിയും നിർമിക്കുന്നുണ്ട്. ഇത് പൂർത്തിയായാൽ ആളുകൾക്ക് ഉയരത്തിലിരുന്ന് ചിറയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും. വാട്ടർ സ്ക്രീനും നിർമിക്കാൻ ആലോചനയുണ്ടെന്ന് അധികൃതർ പറഞ്ഞു.

ചിറയിൽനിന്നുള്ള വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളസംവിധാനവും ഒരുക്കുന്നുണ്ട്. സ്ക്വയറിലും അൻസാരി പാർക്കിലുമായി മൂന്നോ നാലോ കുടിവെള്ളസംവിധാനങ്ങളാണ് വെക്കുക. കൂടാതെ മാനാഞ്ചിറയിലെത്തുന്നവർക്ക് പാട്ടുകേട്ട്‌ സായാഹ്നം ആസ്വദിക്കാൻ മ്യൂസിക് സിസ്റ്റങ്ങളും നിർമിക്കുന്നുണ്ട്. സ്ക്വയറിന്റെ വിവിധ ഭാഗങ്ങളിലായി മ്യൂസിക് സിസ്റ്റങ്ങൾ സ്ഥാപിക്കും. കാടുകയറി കൃത്യമായ പരിപാലനമില്ലാതെ തകർച്ചയിലായിരുന്നു മാനാഞ്ചിറ സ്ക്വയർ. ഇതിനെതിരേ വ്യാപകപ്രതിഷേധമുയർന്നതോടെയാണ് സ്ക്വയർ നവീകരിക്കുന്നത്. ഡി.ടി.പി.സി.യുടെ 1.7 കോടി രൂപയുടെ നവീകരണപദ്ധതിയും ഉടൻ ആരംഭിക്കും. ഇതിൽ ജലധാരനവീകരണം, ശുചിമുറി നിർമാണം എന്നിവ ഉൾപ്പെടും.

Post a Comment

0 Comments