നഗരം കാത്തിരുന്ന പാർക്കിങ് പ്ലാസകൾ: പദ്ധതികൾക്ക് പുതുജീവൻകോഴിക്കോട്:ഏറെക്കാലമായി നഗരം കാത്തിരുന്ന കിഡ്സൺ കോർണർ, സ്റ്റേഡിയം പാർക്കിങ് പ്ലാസ പദ്ധതികൾക്കു പുതുജീവൻ. 2 പദ്ധതികളും ബിൽഡ് ഓപറേറ്റ് ആൻഡ് ട്രാൻസ്ഫർ (ബിഒടി) അടിസ്ഥാനത്തിൽ നടപ്പാക്കാൻ കോർപറേഷൻ കൗൺസിലിന്റെ അനുമതി. മിഠായിത്തെരുവിൽ വാഹനം നിരോധിച്ച സാഹചര്യത്തിൽ കിഡ്സൺ കോർണറിൽ പാർക്കിങ് പ്ലാസ വരുന്നത് ആശ്വാസമാകും.

280 കാറുകൾ പാർക്ക് ചെയ്യാവുന്ന കെട്ടിടത്തിന് 30 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള കോർപറേഷൻ കെട്ടിടം പൊളിച്ചാണ് പാർക്കിങ് പ്ലാസ ഒരുക്കുന്നത്. ഈ കെട്ടിടത്തിലെ കച്ചവടക്കാർക്കുള്ള പുനരധിവാസവും പുതിയ കെട്ടിടത്തിലൊരുക്കും. സ്റ്റേഡിയം പാർക്കിങ് പ്ലാസയുടെ നിർമാണച്ചെലവ് 34.41 കോടിയാണു പ്രതീക്ഷിക്കുന്നത്.ഇതു പഴയ എസ്റ്റിമേറ്റായതിനാൽ തുക ഇനിയും ഉയരാൻ സാധ്യതയുണ്ട്. 2 പദ്ധതികളുടെയും തുടർനടപടികൾക്ക് സൂപ്രണ്ടിങ് എൻജിനീയറെ ചുമതലപ്പെടുത്തി. ഞെളിയൻപറമ്പിൽ മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനായി കോർപറേഷന്റെ 12.67 ഏക്കർ സ്ഥലം കെഎസ്ഐഡിസിക്കു 27 വർഷത്തെ പാട്ടത്തിനു നൽകാനും തീരുമാനിച്ചു. പുതിയ പ്ലാന്റ് വരുന്നതുവരെ ശുചീകരണം തുടരാൻ നിലവിലുള്ള ഏജൻസിയെ അനുവദിക്കും.

എന്താണ് ബിഒടി ?

ഏതെങ്കിലും കമ്പനി പണം മുടക്കി നിർമിക്കുക, മുടക്കുമുതലും ലാഭവും നടത്തിപ്പിലൂടെ തിരികെ പിടിക്കുക, കാലാവധിക്കു ശേഷം പദ്ധതി സമ്പൂർണമായി തിരികെയേൽപിക്കുക എന്നതാണ് ബിഒടി എന്നതിനർഥം.

Post a Comment

0 Comments