പ്രളയനഷ്ടം 25,000 കോടിയെന്ന് ലോകബാങ്ക്-എ.ഡി.ബി. റിപ്പോർട്ട്


തിരുവനന്തപുരം: പ്രളയത്തിൽ മുങ്ങിയ കേരളത്തിനുണ്ടായ നാശനഷ്ടം ഏകദേശം 25,000 കോടി രൂപയാണെന്ന് (3.5 ബില്യൻ ഡോളർ) ലോക ബാങ്ക്-എ.ഡി.ബി. സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിൽ ഏകദേശം ഏഴായിരം കോടി രൂപ ദീർഘകാല വായ്പയായി രണ്ട് ഏജൻസികളിൽനിന്നുമായി കേരളത്തിന് കിട്ടാൻ സാധ്യതയുണ്ട്.

വീടുകളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും ജീവിതോപാധികളുടെയും നഷ്ടക്കണക്കാണ് ചീഫ് സെക്രട്ടറി ടോം ജോസിനും വകുപ്പ് സെക്രട്ടറിമാർക്കും മുന്നിൽ ലോക ബാങ്കിന്റെയും എ.ഡി.ബി.യുടെയും പ്രതിനിധികൾ അവതരിപ്പിച്ചത്. പുനർനിർമാണത്തിൽ കേരളം സ്വീകരിക്കേണ്ട നയങ്ങളെയും ഹ്രസ്വ-ദീർഘകാല പരിപാടികളെയും പറ്റിയുള്ള ശുപാർശകളും ഏജൻസികൾ കൈമാറി.


സംസ്ഥാനസർക്കാർ 35,000-40,000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. എന്നാൽ, ഇപ്പോൾ തയ്യാറാക്കിയത് പ്രാഥമിക റിപ്പോർട്ടാണെന്നും അന്തിമ റിപ്പോർട്ട് ആഴ്ചകൾക്കുള്ളിൽ തയ്യാറാവുമെന്നും ഈ ഏജൻസികൾ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ട് അന്തിമമായശേഷം വായ്പയെ സംബന്ധിച്ച് ഏജൻസികളുടെ ഡയറക്ടർ ബോർഡ് തീരുമാനിക്കും. സാധാരണ 30 വർഷമാണ് ലോകബാങ്ക് വായ്പയുടെ തിരിച്ചടവു കാലാവധി. നിലവിലെ പലിശ 1.75 ശതമാനമാണ്. എന്നാൽ, പുനർനിർമാണ വായ്പ കാലാവധിയും പലിശയും എത്രയായിരിക്കുമെന്ന് തീരുമാനമായിട്ടില്ല.

ലോകബാങ്കിന്റെയും എ.ഡി.ബി.യുടെയും പണം ഉപയോഗിച്ച് പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി.) മാതൃകയിൽ ഈ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള മിഷൻ രൂപവത്കരിക്കും. മിഷന്റെ സ്വഭാവവും ഘടനയും മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.


പത്തു ജില്ലകളിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ചും കളക്ടർമാരുമായി ചർച്ച നടത്തിയുമാണ് ഏജൻസികൾ നാശനഷ്ടം വിലയിരുത്തിയത്. ലോകബാങ്കിന്റെ സീനിയർ ഡിസാസ്റ്റർ റിസ്ക് മാനേജ്‌മെന്റ് സ്പെഷ്യലിസ്റ്റ് ദീപക് സിങ്, എ.ഡി.ബി. ഇന്ത്യ െറസിഡന്റ് മിഷൻ ഓഫീസർ-ഇൻ-ചാർജ് അശോക് ശ്രീവാസ്തവ എന്നിവരുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ലോകബാങ്കിന്റെ കീഴിലുള്ള ഇൻറർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെയും (ഐ.എഫ്.സി.) ഐക്യരാഷ്ട്ര സംഘടനയുടെയും പ്രതിനിധികളും പങ്കെടുത്തു.

ഭൂവിനിയോഗനയം മാറ്റണം പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പ്രത്യേകനയം വേണമെന്ന് ലോകബാങ്കിന്റെയും എ.ഡി.ബി.യുടെയും ശുപാർശ. കുട്ടനാട്ടിലെ പുനർനിർമാണത്തിന് പ്രത്യേകം സമീപനം വേണം. അവിടെ പ്രളയം തടയാനുള്ള പദ്ധതി വേണം. കുട്ടനാട്, കോൾനിലങ്ങൾ, മലയോരമേഖലകൾ എന്നിങ്ങനെ പരിസ്ഥിതിലോല മേഖലകൾക്ക് പ്രത്യേക അതോറിറ്റി വേണം.

മറ്റ് പ്രധാന ശുപാർശകൾ

 പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്ന തരത്തിൽ പഞ്ചായത്ത് തലത്തിൽ ഭൂവിനിയോഗനയം രൂപവത്കരിക്കണം.

 കാലാവസ്ഥാവ്യതിയാനം കൂടി കണക്കിലെടുത്ത് സ്ഥായിയായ അടിസ്ഥാന സൗകര്യപദ്ധതികൾ ആസൂത്രണം ചെയ്യണം

 പ്രകൃതിദുരന്തങ്ങൾ അതിജീവിക്കുന്ന വീടുകളുണ്ടാക്കാൻ പഞ്ചായത്തുകളിലെ കെട്ടിനിർമാണ ചട്ടങ്ങളിലും മാറ്റം വരുത്തണം.

 നീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, ജൈവവൈവിധ്യ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട് സംയോജിത സമീപനം സ്വീകരിക്കാൻ സാങ്കേതിക പഠനം വേണം

 പ്രകൃതിദുരന്തങ്ങളിൽനിന്നുള്ള നഷ്ടം കുറയ്ക്കാൻ ടൂറിസം, വ്യവസായം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ഇൻഷുറൻസ് ഏർപ്പെടുത്താൻ പ്രത്യേക സ്ഥാപനം വേണം

പുനർനിർമാണത്തിനുള്ള ഏകദേശ ചെലവ്

 വീടുകൾ-2600 കോടി

 നഗര അടിസ്ഥാനസൗകര്യം-2170 കോടി

 ഗ്രാമീണ അടിസ്ഥാനസൗകര്യം-5400 കോടി

 ജലസേചന, ജലവിതരണം-1600 കോടി

 ദേശീയ, സംസ്ഥാനപാതകൾ -8700 കോടി

 ജീവിതോപാധികൾ-4000 കോടി

Post a Comment

0 Comments