കോഴിക്കോട്– ബാലുശ്ശേരി റോഡ് നവീകരണം: വ്യക്തതയ്ക്കായി പുതിയ സർവേ തുടങ്ങി


കോഴിക്കോട്:കോഴിക്കോട്– ബാലുശ്ശേരി റോഡ് വികസനത്തിനു പുതിയ സർവേ തുടങ്ങി. ഭൂമി ഏറ്റെടുക്കുന്നതിനു നൽകിയ അപേക്ഷയിൽ ചില കാര്യങ്ങളിൽ വ്യക്തതയില്ലെന്നു കാണിച്ചു ലാൻഡ് അക്വിസിഷൻ വിഭാഗം ഫയൽ മടക്കിയിരുന്നു. അലൈൻമെന്റിൽ വ്യക്തത വരുത്തണം, തിരിച്ചറിയാനുള്ള അടയാളങ്ങൾ വിശദമാക്കണം തുടങ്ങിയവയാണ് ആവശ്യപ്പെട്ടതെന്ന് അറിയുന്നു. ഇതു പ്രകാരമാണ് വീണ്ടും സർവേ നടത്തുന്നത്. കിഫ്‌ബിയിൽ 89.25 കോടി രൂപ ഉപയോഗിച്ച് റോഡ് ഇൻഫ്രാസ്ട്രക്‌ചർ കേരള ലിമിറ്റഡിനാണ് നിർമാണ ചുമതല. കാരപ്പറമ്പ് മുതൽ ബാലുശ്ശേരിവരെ 20.300 കിലോമീറ്ററാണ് നീളം.



ഇതു നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനു മരാമത്ത് വിഭാഗം പത്തു വർഷം മുൻപ് പദ്ധതി തയാറാക്കിയിരുന്നു. പിന്നീട് റിക്കിനു കൈമാറിയപ്പോൾ അവർ സ്വകാര്യ ഏജൻസിയെ ഏൽപിച്ചു. കാരപ്പറമ്പു മുതൽ വേങ്ങേരിവരെ നാലുവരിപ്പാത, വേങ്ങേരി മുതൽ ബാലുശ്ശേരിവരെ രണ്ടുവരിപ്പാത എന്നിങ്ങനെ റോഡ് വികസിപ്പിക്കാനാണ് പിന്നീട് തീരുമാനിച്ചത്. കോർപറേഷന്റെ മാസ്റ്റർ പ്ലാൻ പ്രകാരം കാരപ്പറമ്പ് മുതൽ കക്കോടി പാലം വരെ 18 മീറ്റർ വീതിയിൽ റോഡ് വികസനം ലക്ഷ്യമിടുന്നെങ്കിലും ഇപ്പോൾ വേങ്ങേരി ബൈപാസ് ജംക്‌ഷൻവരെ മാത്രമേ നാലുവരിപാതയാക്കുന്നുള്ളൂ. ഈ റോഡിൽ മിക്ക സമയത്തും ഗതാഗതക്കുരുക്ക് പതിവാണ്. ഇപ്പോൾ നടക്കുന്ന പുതിയ സർവേയിലെങ്കിലും ഭാവി വികസനത്തിനു സഹായകമാവുന്ന തരത്തിൽ നാലുവരിപ്പാതയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കിനാലൂരിലെ വ്യവസായ പാർക്കിലേക്കും എയിംസ് സ്ഥാപിക്കാനായി തിരഞ്ഞെടുത്ത സ്ഥലത്തേക്കുമെല്ലാമുള്ള പ്രധാന പാതയാണിത്.

Post a Comment

0 Comments