നഗരത്തിലെ മോഷണം: ഒളിവിൽ പോയ പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം പിടിയിൽ



കോഴിക്കോട്: കളവ് കേസിൽ കോടതി ജാമ്യം നൽകിയ ശേഷം ഒളിവിൽ പോയ പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും പോലീസിൻറെ പിടിയിലായി.  വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഇൻഡോ ഇലക്ട്രിക്കൽസിൽ നിന്നും ഫാനുകളും മറ്റു ഇലക്ട്രിക്കൽ ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യ പ്രതി തമിഴ്‌നാട് വില്ലുപുരം സ്വദേശി വെങ്കിടേഷാണ് പിടിയിലായത്. ഇയാൾക്കെതിരെ ടൗൺ പോലീസ് സ്‌റ്റേഷനിൽ മാത്രം ഒൻപത് മോഷണകേസുകളുണ്ട്. ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷനിലെ  സിവിൽ പോലീസ് ഓഫീസർമാരായ കെ.ടി രാമചന്ദ്രൻ, അസീസ് ഇബ്രാഹിം എന്നിവർ ചേർന്നാണ്  പിടികൂടിയത്.



പകൽ സമയങ്ങളിൽ നാടോടി സംഘത്തോടൊപ്പം നടന്ന് ആസൂത്രണം ചെയ്ത രാത്രിയിൽ തന്നെ മോഷണം നടത്തുന്നതാണ് രീതി. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നാടോടികളോടൊപ്പം ഊരു ചുറ്റി നടക്കാറുള്ളതുകൊണ്ടാണ്  പിടികൂടാൻ പ്രയാസമുണ്ടായത്. പ്രതിയുടെ താമസസ്ഥലം കണ്ട് മനസ്സിലാക്കിയ രാമചന്ദ്രനും അസീമും തമിഴ്‌നാട് പോലീസിൻറെ സഹായം തേടി .ചെന്നപ്പോൾ തമിഴ്‌നാട് പോലീസ് പോലും ചെന്നെത്താൻ ഭയക്കുന്ന  കോളനിയിൽ കയറി പ്രതിയുടെ താമസസ്ഥലം കണ്ടെത്തി.കോളനിയിലെ ചായക്കടക്കാരനുമായി പരിചയം സ്ഥാപിച്ച പോലീസുകാർ രാത്രി സേലത്തേക്ക് പ്രതിയുടെ ഓട്ടോറിക്ഷയിൽ സവാരി തരപ്പെടുത്തിയാണ്  പിടികൂടിയത്. കേസന്വേഷണത്തിലെ മികവിന് കേരള മുഖ്യമന്ത്രി യുടെ പോലീസ് മെഡൽ ലഭിച്ചയാളാണ് കെ.ടി രാമചന്ദ്രൻ.

Post a Comment

0 Comments