കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിന് ബ്ലൂ ഫ്‌ളാഗ് സർട്ടിഫിക്കറ്റ്

കാപ്പാട് ബീച്ച്   

കാപ്പാട്: ചരിത്രസ്മൃതികൾ ഉറങ്ങിക്കിടക്കുന്ന കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വെക്കുന്നു. ഫൗണ്ടേഷൻ ഓഫ് എൻവയോൺമെന്റൽ എജുക്കേഷൻ നൽകുന്ന ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റിന്‌ കേരളത്തിൽ തിരഞ്ഞെടുത്ത ഏക വിനോദസഞ്ചാര കേന്ദ്രം കാപ്പാട് മാത്രമാണ്. ഇതോടെ കോടികളുടെ ടൂറിസം വികസനപ്രവർത്തനങ്ങൾ കാപ്പാടിലേക്ക് വരുമെന്ന് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് പറഞ്ഞു.വികസനത്തിനുവേണ്ടി രണ്ടുപദ്ധതികൾ സംസ്ഥാന ടൂറിസംവകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും അയച്ചുകൊടുത്തതായി പ്രസിഡൻറ് പറഞ്ഞു. തിരുവങ്ങൂരിൽനിന്ന്‌ കാപ്പാടിലേക്കുള്ള പാതയിൽ സഞ്ചാരികളെ കാപ്പാടിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ആകർഷകമായ കമാനം സ്ഥാപിക്കാൻ ലക്ഷ്യമുണ്ട്. തുടർന്ന് ഗാമാ സ്തൂപം മുതൽ തുവ്വപ്പാറയുടെ വടക്കുവരെ നവീകരണപ്രവർത്തനം നടത്തും. നിലവിൽ കാപ്പാട് തീരത്ത് കോടികൾ ചെലവഴിച്ചുനടത്തിയ സൗന്ദര്യവത്‌കരണ പദ്ധതികൾ നശിച്ചുപോയിട്ടുണ്ട്. ഇത് പൂർവസ്ഥിതിയിലാക്കാനും പദ്ധതികൾ വേണമെന്ന് പ്രസിഡന്റ് പറഞ്ഞു.

വൃത്തിയും മനോഹരവുമായ പൂഴിമണൽ, പളുങ്കുപോലുള്ള കടൽജലം, പരിസ്ഥിതി സൗഹൃദ ചുറ്റുപാട്, ടൂറിസ്റ്റുകൾക്ക് എളുപ്പം എത്തിച്ചേരാവുന്നയിടം, സുരക്ഷിതമായ കടലോരം ഇങ്ങനെയുള്ള ഒട്ടെറെ കാര്യങ്ങൾ പരിഗണിച്ചാണ് ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ് നൽകുന്നത്.

Post a Comment

0 Comments