ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തിരുവനന്തപുരത്ത് ഇന്ന് പ്രവര്‍ത്തനം തുടങ്ങുംതിരുവനന്തപുരം: രാജ്യത്തെ നാലാമത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തിരുവനന്തപുരത്ത് ഇന്നു പ്രവര്‍ത്തനം തുടങ്ങും. കേരളം, കര്‍ണാടകം, ലക്ഷദ്വീപ്, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പിനുള്ള പ്രത്യേക കേന്ദ്രമാണ് നിലവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനൊപ്പം പ്രവര്‍ത്തനം തുടങ്ങുന്നത്.രാജ്യത്ത് വിശാഖപട്ടണം, അഹമ്മദാബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രമുള്ളത്. ചുഴലിക്കാറ്റുകള്‍, ന്യൂനമര്‍ദം, കനത്തമഴ, ശക്തമായ മിന്നല്‍ തുടങ്ങിയവയുടെ തീവ്രത കൃത്യമായി പഠിക്കാന്‍ കേന്ദ്രത്തിനാകും. ഇത്തരം കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഏതെങ്കിലും പ്രദേശത്തെ ബാധിക്കുമോയെന്ന് കൃത്യമായി നിരീക്ഷിക്കാനും വിശദമായി പഠിക്കാനും കേന്ദ്രത്തിനു കഴിയും.എല്ലാ അരമണിക്കൂറിലും ഉപഗ്രഹചിത്രങ്ങളും രണ്ട് ഡോപ്‌ളര്‍ റഡാറുകളില്‍ നിന്നുള്ള വിവരങ്ങളും ഈ കേന്ദ്രത്തില്‍ ലഭിക്കും. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം കൂടി വരുന്നതോടെ തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തെ പ്രധാന കാലാവസ്ഥാ പഠന, മുന്നറിപ്പ് കേന്ദ്രങ്ങളിലൊന്നായി മാറും.കേരളത്തില്‍ പുതിയ കേന്ദ്രം തുടങ്ങുന്നതോടെ ചുഴലിക്കാറ്റും അനുബന്ധ കാലാവസ്ഥാ മാറ്റങ്ങളും സംബന്ധിച്ച് കപ്പലുകള്‍, ബോട്ടുകള്‍, തുറമുഖങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, മാധ്യമങ്ങള്‍, വ്യോമഗതാഗതം എന്നീ മേഖലകളില്‍ മുന്നറിയിപ്പ് നല്‍കാനാകും. ചെന്നൈയിലെ മേഖലാ സൈക്ലോണ്‍ വാണിങ് സെന്ററിനും ഡല്‍ഹിയിലെ ആര്‍.എസ്.എം.സിക്കും കീഴിലാണ് തിരുവനന്തപുരത്തെ കേന്ദ്രം പ്രവര്‍ത്തിക്കുക.

ഏരിയ സൈക്ലോണ്‍ വാണിങ് സെന്ററാണ് (എ.സി.ഡബ്യു.സി) ഇന്ന് മുതല്‍ തുടങ്ങുന്നതെന്നും കേരളത്തിലും തീരദേശത്തും രൂപപ്പെടുന്ന ന്യൂനമര്‍ദം, ഡിപ്രഷന്‍, തുടങ്ങിയവ നിരീക്ഷിച്ച് വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയരക്ടര്‍ കെ. സന്തോഷ് അറിയിച്ചു.

Post a Comment

0 Comments