തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും തിരിച്ചടിയായി ടാർ വില കുതിക്കുന്നു.ഒരു വീപ്പ ടാറിന് കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ആയിരം രൂപയോളമാണ് കൂടിയത്. വിലവർധിക്കുന്ന സാഹചര്യത്തിൽ പുതിയ കരാറുകൾ ഏറ്റെടുക്കാനാവില്ലെന്നാണ് കരാറുകാർ പറയുന്നത്. പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനർനിർമാണത്തിനാണ് ടാർവില തിരിച്ചടിയാവുന്നത്. ടാറിന് നൽകുന്ന ദർഘാസ് വിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസം കരാറുകാർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. വിജി 1-30 വിഭാഗത്തിൽപ്പെട്ട ഒരു ടാർ വീപ്പയ്ക്ക് 5262 രൂപയാണ് കരാറുകാരന് കിട്ടുക.
നിലവിലെ വിപണി വില 7889 രൂപ. വീപ്പയൊന്നിന് 2627 രൂപ കരാറുകാരന്റെ കയ്യിൽ നിന്ന് മുടക്കണം. മറ്റൊരു ഇനം ടാറായ എസ്എസ്. ഒന്നിന് കരാർ വിലയെക്കാൾ വിപണിയിൽ 2247 രൂപ കൂടുതലാണ്. ആർഎസ് ഒന്നിന് ടാറിന് ദർഘാസ് വില 5369ഉം വിപണി വില 936 ഉം ആണ്. നഷ്ടം നികത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് കരാറുകാരുടെ പരാതി.
വിലവർധനവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലയിടത്തും റോഡ് നിർമാണവും അറ്റകുറ്റ പണികളും നിലച്ചമട്ടാണ്. രണ്ടാഴ്ച്ച കൂടുന്പോഴാണ് എണ്ണകന്പനികൾ ടാർ വില പുതുക്കി നിശ്ചയിക്കുക. അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് ടാർവില കൂട്ടുന്നതിന് എണ്ണകന്പനികൾ പറയുന്ന ന്യായം.
0 Comments