ഹൈസ്‌കൂള്‍ തലം മുതലാണ് പൊതുവിദ്യാലയങ്ങളില്‍ അതത് വിഷയത്തില്‍ യോഗ്യരായവര്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ഡിവിഷന്‍ മാനഃദണ്ഡങ്ങളുടെ പേര് പറഞ്ഞ് ഇംഗ്ലീഷ് അധ്യാപക തസ്തിക അനുവദിക്കാതിരിക്കുകയാണ് അധികൃതര്‍. അതിനാല്‍ മറ്റ് വിഷയങ്ങളില്‍ യോഗ്യതയുള്ളവരാണ് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നത്. ഇതിലെ ആശങ്ക രക്ഷിതാക്കള്‍ പി.ടി.എകള്‍ വഴി വകുപ്പ് അധികൃതരെ അറിയിച്ചിട്ടും യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നാണ് പരാതി.
ആദ്യ കാലങ്ങളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ മുഴുവന്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് മറ്റ് വിഷയങ്ങളില്‍ യോഗ്യതയുള്ളവരായിരുന്നു. 2002-ലാണ് ഇത് മാറ്റി, ഇംഗ്ലീഷില്‍ യോഗ്യതയുള്ളവരെ അധ്യാപകരായി നിയമിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അന്നത്തെ നിയമപ്രകാരം അഞ്ച് ഡിവിഷനുകളുള്ള സ്‌കൂളുകളില്‍ മാത്രമേ ഇംഗ്ലീഷ് അധ്യാപക തസ്തിക അനുവദിക്കാന്‍ കഴിയുകയുള്ളൂ. ആദ്യനാളുകളില്‍ ഈ വ്യവസ്ഥയ്ക്ക് വലിയ പ്രശ്‌നങ്ങളുള്ളതായി അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ പൊതുവിദ്യാലയങ്ങളില്‍ ഡിവിഷനുകള്‍ കുറഞ്ഞു തുടങ്ങിയതോടെ വ്യവസ്ഥയ്‌ക്കെതിരെ പരാതികളായി. അഞ്ച് ഡിവിഷനുകളുള്ള സ്‌കൂളുകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. അങ്ങനെയാണ് സംസ്ഥാനത്തെ 341 സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തിക ഇല്ലാതായത്.
ഇംഗ്ലീഷ് അധ്യാപക തസ്തികയില്ലാത്ത സ്‌കൂളുകളുടെ എണ്ണം ജില്ലതിരിച്ച് ;
തിരുവനന്തപുരം - 31
കൊല്ലം - 19
പത്തനംതിട്ട - 39
ആലപ്പുഴ - 22
ഇടുക്കി - 52
കോട്ടയം - 45
എറണാകുളം - 60
തൃശൂര്‍ - 23
പാലക്കാട് -6
മലപ്പുറം -1
കോഴിക്കോട് - 15
വയനാട് -5
കണ്ണൂര്‍ - 13
കാസര്‍കോഡ് - 10
ആകെ - 341
0 Comments