നഗരത്തിൽ സ്വകാര്യ പാര്‍ക്കിംങ്‌ കേന്ദ്രങ്ങളുടെ ഫീസ്‌ നിരക്ക്‌ ഏകീകരിക്കുന്നു


കോഴിക്കോട്‌: നഗര പരിധിയില്‍ സ്വകാര്യ വ്യക്‌തികള്‍ തോന്നിയപോലെ പാര്‍ക്കിംഗ്‌ ഫീസ്‌ പിരിക്കുന്നത്‌ ഏകീകരിക്കുന്നു.ഇതിനായി ലൈസന്‍സ്‌ സംവിധാനം ഏര്‍പ്പെടുത്താനാണ്‌ ആലോചന.സ്വകാര്യ പാര്‍ക്കിംഗ്‌ കേന്ദ്രങ്ങളുടെ കണക്കെടുക്കാനും നീക്കമുണ്ട്‌.ഓണ്‍ സ്‌ട്രീറ്റ്‌, ഓഫ്‌ സ്‌ട്രീറ്റ്‌ എന്നിങ്ങനെ എ, ബി മേഖലകളായി തിരിച്ച്‌ പ്രത്യേകം നികുതി ഏര്‍പ്പെടുത്താനാണ്‌ ആധികൃതര്‍ ആലോചിക്കുന്നത്‌.നഗരാസൂത്രണ വിഭാഗം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പാര്‍ക്കിംഗ്‌ നയത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.



നഗരത്തിലെ സ്വകാര്യ പാര്‍ക്കിംഗ്‌ കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തിയിടുന്നതിനു സ്വകാര്യ വ്യക്‌തികള്‍ നിശ്‌ചയിച്ച ഫീസ്‌ നിരക്കാണ്‌ ഇപ്പോള്‍ ഈടാക്കുന്നത്‌. വാഹന ഉടമകള്‍ക്ക്‌ ഇതില്‍ ഇടപെടാന്‍ കഴിയില്ല.നിശ്‌ചിത ഫീസ്‌ നല്‍കാന്‍ തയാറല്ലെങ്കില്‍ വാഹനം നിര്‍ത്തണ്ട എന്ന നിലപാടാണ്‌ അവര്‍ക്ക്‌. നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ സ്വകാര്യ പാര്‍ക്കിംഗ്‌ സംവിധാനമുണ്ട്‌. ബസുകളും കാറുകളും ഇരുചക്ര വാഹനങ്ങളുമെല്ലാം നിര്‍ത്തിയിടുന്നതിനു മണിക്കൂര്‍ അടിസ്‌ഥാനത്തില്‍ വലിയ തുകയാണ്‌ ഇവര്‍ ഈടാക്കുന്നത്‌. പുതിയ സംവിധാനം വരുന്നതോടെ നഗരത്തില്‍ എല്ലായിടത്തും സ്വകാര്യ വ്യക്‌തികളുടെ പാര്‍ക്കിംഗ്‌ കേന്ദ്രങ്ങള്‍ക്കു ഒരേ ഫീസ്‌ നിരക്കായിരിക്കും. ഇതു വാഹന ഉടമകള്‍ക്കു ചൂഷണത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കും.

വ്യാപര, വാണിജ്യ മേഖലയാണ്‌ എ സോണില്‍ വരുന്ന പ്രദേശങ്ങള്‍. ഇവിടെ മണിക്കുര്‍ അടിസ്‌ഥാനത്തിലായിരിക്കും ഫീസ്‌ നിരക്ക്‌. സോണ്‍ ബിയില്‍പെടുന്നത്‌ പൊതുസ്‌ഥലങ്ങള്‍ക്കടുത്ത സ്‌ഥലങ്ങളായിരിക്കും. കെ.എസ്‌.ആര്‍.ടി.സി, റെയില്‍വേ സ്‌റ്റേഷന്‍, ബസ്‌ സ്‌റ്റാന്‍ഡുകള്‍ എന്നിവയുടെ പരിസര പ്രദേശങ്ങള്‍ ബി വിഭാഗത്തില്‍പെടും. എ സോണില്‍ വരുന്ന ഓഫ്‌ സ്‌ട്രീറ്റ്‌ പാര്‍ക്കിംഗ്‌ പ്രദേശത്ത്‌ പാര്‍ക്ക്‌ ചെയ്യുന്ന വാഹനങ്ങള്‍ ആദ്യ രണ്ടു മണിക്കൂറിന്‌ പത്തുരൂപ വീതം ഫീസ്‌ നല്‍കണം. പിന്നീടുള്ള ഓരോ രണ്ടു മണിക്കൂറിനൂം പത്തു രൂപ വീതം നല്‍കേണ്ടിവരും. സോണ്‍ ബിയില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക്‌ ആദ്യ മൂന്നു മണിക്കൂറിനു പത്തുരൂപ ഫീസ്‌ നല്‍കണം. തുടര്‍ന്നുള്ള ഓരേ മൂന്നു മണിക്കൂറിനും പത്തുരൂപ വീതം ഫീസ്‌ അടയ്‌ക്കണം. ഓഫ്‌ സ്‌ട്രീറ്റ്‌ പാര്‍ക്കിംഗിനു കാറുകള്‍ക്ക്‌ രണ്ടുമണിക്കൂറിനു 30 രൂപയാണ്‌ ഫീസ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തുരൂപ വീതം നല്‍കണം. സോണ്‍ ബിയില്‍ കാര്‍ പാര്‍ക്കിംഗിനു 20 രൂപയാണ്‌ മണിക്കൂറിനു ഫീസ്‌. പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തുരൂപ അധികം നല്‍കണം. ഓണ്‍ സ്‌ട്രീറ്റ്‌ വിഭാഗത്തില്‍പെടുന്ന എ, ബി സോണില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക്‌ മണിക്കൂറിനു പത്തു രൂപയായിരിക്കും പാര്‍ക്കിംഗ്‌ ഫീസ്‌. പിന്നീടുള്ള ഓരേ മണിക്കൂറിനും പത്തുരുപ അധികം നല്‍കണം. കാറുകള്‍ക്ക്‌ എ സോണില്‍ ഓരോ മണിക്കൂറിനും 20 രൂപ നല്‍കണം.ബി സോണില്‍ ആദ്യ മണിക്കൂറിനു 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തുരുപ വീതവും നല്‍കണം.

നഗരപ്രദേശത്ത്‌ എത്ര സ്വകാര്യ വ്യക്‌തികള്‍ ഇത്തരത്തില്‍ പാര്‍ക്കിംഗ്‌ ഫീസ്‌ പിരിക്കുന്നുണ്ടെന്ന്‌ വ്യക്‌തമായ കണക്ക്‌ കോര്‍പറേഷനില്‍ ഇല്ല. ഇവരുടെ കണക്ക്‌ അധികൃതര്‍ ശേഖരിക്കുന്നുണ്ട്‌. ലൈസന്‍സ്‌ ഏര്‍പ്പെടുത്തി കഴിഞ്ഞാല്‍ ഇവരുടെ പേര്‌ വിവരം കോര്‍പറേഷന്റ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.

Post a Comment

0 Comments