ഹാളുകളുടെയും മൈതാനങ്ങളുടെയും വാടക പുതുക്കികോഴിക്കോട‌്:നഗരത്തിലെ പൊതുഹാളുകൾ, മൈതാനങ്ങൾ, തുറന്ന സ്ഥലങ്ങൾ, സ‌്റ്റേജുകൾ എന്നിവയുടെ വാടക കൂട്ടാൻ കോർപറേഷൻ കൗൺസിൽ തീരുമാനം.  സ്വകാര്യ ഹാളുകളുടെ വാടക പരിഗണിക്കുമ്പോൾ നഗരസഭ  ഈടാക്കുന്നത‌് തുച്ഛമായ തുകയാണെന്നും ഈ സാഹചര്യത്തിലാണ‌് വാടക കൂട്ടുന്നതെന്ന‌ും മേയർ തോട്ടത്തിൽ രവീന്ദ്രൻ,   ഡെപ്യൂട്ടി മേയർ മീര ദർശക‌് എന്നിവർ അറിയിച്ചു.2019 ജനുവരി ഒന്ന‌് മുതലാണ‌് വർധന പ്രാബല്യത്തിൽ വരിക.  നിക്ഷേപ തുകയിലും വർധനയുണ്ട‌്. ടൗൺ ഹാൾ, ടാഗോർ ഹാൾ, കണ്ടംകുളം ജൂബിലി ഹാൾ, കരുവിശേരി കമ്യൂണിറ്റി ഹാൾ, എസ‌്കെ പൊറ്റെക്കാട്ട‌് ഹാൾ, മുതലക്കുളം മൈതാനം, മാങ്കാവ‌് മൈതാനം, തിരുവണ്ണൂർ ഗ്രൗണ്ട‌്, ചെലവൂർ ഗ്രൗണ്ട‌്, പെരുന്തുരുത്തി ഗ്രൗണ്ട‌്, മാനാഞ്ചിറ ഓപ്പൺ സ‌്റ്റേജ‌്, കുറ്റിച്ചിറ ഓപ്പൺ സ‌്റ്റേജ‌്, കണ്ണഞ്ചേരി വിക്രം സ‌്മാരക സ‌്റ്റേജ‌്, കരുവിശേരി കമ്യൂണിറ്റി പാർക്ക‌് എന്നിവിടങ്ങളിലാണ‌് വാടകയും നിക്ഷേപവും വർധിപ്പിച്ചത‌്.  കണ്ടംകുളം ജൂബിലി ഹാളിൽ അറ്റകുറ്റപണിക്ക‌് ശേഷമാണ‌് വാടക വർധിപ്പിക്കുക.   വാടക വർധിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം കൗൺസിലിൽ എതിർപ്പ‌് ഉയർത്തി. ഘട്ടം ഘട്ടമായി വർധന ഏർപ്പെടുത്തണമെന്ന‌് അഡ്വ. പി എം സുരേഷ‌് ബാബു ആവശ്യപ്പെട്ടു.

ചെലവ‌് കൂടുകയും നികുതിയിന വരുമാനങ്ങൾ കോർപറേഷനിൽ കുറയുകയുംചെയ‌്ത സാഹചര്യത്തിൽ ഹാളുകളുടെ  അറ്റകുറ്റപ്പണിയും മറ്റും പരിഗണിച്ച‌് വാടക വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന‌് സമിതി അധ്യക്ഷൻമാരായ കെ വി ബാബുരാജ‌്, എം സി അനിൽകുമാർ  എന്നിവർ പറഞ്ഞു. ഭരണപക്ഷം ചെറിയ ഭേദഗതി മുന്നോട്ട‌് വച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. തുടർന്ന‌്  വിഷയം വോട്ടിനിട്ട‌ു.  23നെതിരെ 44 വോട്ടുകൾക്ക‌് അംഗീകരിച്ചു.

ഹാൾ, പുതിയ നിരക്ക‌് (വാടകയും നിക്ഷേപവും ഉൾപ്പെടെ)
   ടൗൺ ഹാൾ (ഒരു ദിവസത്തെ പരിപാടി): 7130, രാഷ‌്ട്രീയ, കലാസാംസ‌്കാരിക സംഘടനകളുടെ പരിപാടികൾ(ഒരു ദിവസം):  4960
   ടാഗോർ ഹാൾ: കല്ല്യാണം, നിക്കാഹ‌് തുടങ്ങിയവ(ഒരു ദിവസം): 1,14,400
മറ്റ‌് ഒരുദിവസ പരിപാടികൾ: 65,740
രാഷ‌്ട്രീയ കലാസാംസ‌്കാരിക സംഘടനകളുടെ
പരിപാടികൾ (ഒരു ദിവസം) : 40,960
  ജൂബിലി ഹാൾ: കല്ല്യാണം തുടങ്ങിയ പരിപാടി(ഒരു ദിവസം): 34,780
മറ്റ‌് പരിപാടികൾ(ഒരു ദിവസം): 18,384
  കരുവിശേരി കമ്യൂണിറ്റി ഹാൾ(ഒരു ദിവസം):1208
  മുതലക്കുളം മൈതാനം: 1380
  മാനാഞ്ചിറ ഓപ്പൺ സ‌്റ്റേജ‌്: 649
മാങ്കാവ‌് മൈതാനം: 1416
  തിരുവണ്ണൂർ ഗ്രൗണ്ട‌്: 354
  കുറ്റിച്ചിറ ഒാപ്പൺസ‌്റ്റേജ‌്: 649
  കണ്ണഞ്ചേരി വിക്രം സ‌്മാരക സ‌്റ്റേജ‌്: 354
  ചെലവൂർ, പെരുന്തുരുത്തി ഗ്രൗണ്ടുകൾ, മാനാഞ്ചിറ ഓപ്പൺ സ‌്റ്റേജ‌്, കരുവിശ്ശേരി കമ്യൂണിറ്റി പാർക്ക‌് എന്നിവക്ക‌് 649 രൂപയാണ‌് നിരക്ക‌്.

Post a Comment

0 Comments