ഹര്‍ത്താല്‍ ബഹിഷ്‌കരിച്ച് മിഠായിത്തെരുവിൽ തുറന്ന കടകൾക്കു നേരം ആക്രമണം; അഞ്ചുകടകൾ അടിച്ചു തകർത്തു

ഹർത്താൽ ദിനത്തിൽ കോഴിക്കോട്  മിഠായ് തെരുവിലെ ബ്യൂട്ടി സ്റ്റോർസ് എന്ന കട വ്യാപരികൾ തുറന്നപ്പോൾ ഐക്യദാർണ്ഡം പ്രകടിപ്പിച്ച് ഒത്തുകൂടിയ ഡിവൈഎഫ്ഐ പ്രവർത്തകർ


കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവിലും വലിയങ്ങാടിയിലും കൊച്ചി ബ്രോഡ് വേയിലും വ്യാപാരികള്‍ കട തുറന്നു. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പത്തു മണിയോടെ വ്യാപാരികള്‍ സംഘടിച്ചെത്തി മിഠായിത്തെരുവിലെ ഒരു കട തുറന്നത്. ഗ്രാന്‍ഡ് ബസാറിലെ കടകളില്‍ ഒന്നാണ് തുറന്നത്. വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.



ഹര്‍ത്താല്‍ ദിവസം തുറന്ന കടകള്‍ അടപ്പിക്കാന്‍ മിഠായിത്തെരുവിലെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. മിഠായിത്തെരുവിനു സമീപത്തെ കോയെങ്കോ ബസാറിലെ അഞ്ചിലധികം കടകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍  തുറന്ന കട അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികള്‍ തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേയ്ക്കു നീങ്ങിയത്. ആദ്യം നിഷ്ക്രിയമായി നിന്ന പോലീസ് പിന്നീട് അക്രമികള്‍ക്കുനേരെ ലാത്തി വീശി. അക്രമികളായ അറുപതോളം പേരെ അറസ്റ്റ് ചെയ്തു നീക്കി.

വൈകാതെ വ്യാപാരി സമിതിയുടെ നേതൃത്വത്തില്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. പോലീസിന്റെ സംരക്ഷണം നല്‍കാമെന്ന് ഏറ്റിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കച്ചവടം എത്ര ലഭിക്കും എന്നതല്ല, ഹര്‍ത്താലിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് കടകള്‍ തുറക്കുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള വിയോജിപ്പല്ല ഇതിനു പിന്നിലെന്നും വ്യാപാരികള്‍ പറഞ്ഞു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



വ്യാഴാഴ്ച നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞിരുന്നു. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) അറിയിച്ചിരുന്നു

Post a Comment

0 Comments