വൈദ്യുതി വാഹനം: എൻഐടിയും ബോഷും കൈകോർത്തുകുന്ദമംഗലം:വൈദ്യുതി വാഹന സാങ്കേതിക വിദ്യയിൽ സംയുക്ത ഗവേഷണത്തിന് എൻഐടിയും ബഹുരാഷ്ട്ര കമ്പനിയായ റോബർട്ട് ബോഷും ധാരണാപത്രത്തിൽ ഒപ്പു വച്ചു. വൈദ്യുതി വാഹനങ്ങളുടെ ആവശ്യകതക്കനുസരിച്ചു നൂതനവും കാര്യക്ഷമവും ആയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് എൻഐടിയുടെ നേതൃത്വത്തിൽ ഇലക്ട്രിക് വെഹിക്കിൾ സാങ്കേതികവിദ്യ വികസിപ്പിച്ചു വരുന്നുണ്ട്.ബോഷ് ഇന്ത്യയുടെ നേതൃത്വത്തിൽ വൈദ്യുതി വാഹനങ്ങളിൽ സാങ്കേതിക മികവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ധാരണയുടെ ഭാഗമായി എൻഐടി വിദ്യാർഥികൾക്ക് ഉന്നത തൊഴിലവസരങ്ങൾ, പ്രായോഗിക പരിശീലന പദ്ധതികൾ, സാങ്കേതിക വിഷയങ്ങളിൽ ആശയ അവതരണം എന്നിവയിൽ  അവസരമുണ്ടാകും.

എൻഐടിയിലെ വിദ്യാർഥികളുടെയും വിദഗ്ധരായ അധ്യാപകരുടെയും സേവനം ബോഷ് വികസിപ്പിക്കുന്ന വൈദ്യുത വാഹന സാങ്കേതിക വിദ്യയിൽ ഉപയോഗപ്പെടുത്തും. ഇതോടനുബന്ധിച്ച് എൻഐടി ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം, ഐഇഇഇ, പവർ സിസ്റ്റം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ശിൽപശാല എൻഐടി ഡയറക്ടർ ഡോ.ശിവാജി ചക്രവർത്തി ഉദ്ഘാടനം ചെയ്തു.

ബോഷ് ഇന്ത്യ ലിമിറ്റഡ് എൻജിനീയറിങ് വിഭാഗം മേധാവി പ്രദീപ് കുമാർ, എൻഐടി റജിസ്ട്രാർ ലഫ്. കേണൽ (റിട്ട) കെ.പങ്കജാക്ഷൻ, ഗവേഷണ വിഭാഗം മേധാവി ഡോ.എസ്.അശോക്, ഡോ.സാലി ജോർജ്, ഡോ.എസ്.കുമരവേൽ, റോബർട് ബോഷ് ഡിജിഎം ശ്രീജയ്, പ്രശാന്ത് പതിയിൽ എന്നിവർ പ്രസംഗിച്ചു. സാങ്കേതിക വശങ്ങളെക്കുറിച്ചു വിവിധ ഐഐടി, എൻഐടികളിൽ നിന്നും റോബർട് ബോഷ്, മാത്‌വർക്സ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദരാണു ക്ലാസിനു നേതൃത്വം നൽകുന്നത്. ശിൽപശാലയോടനുബന്ധിച്ച് ഹൈക്കൻ ഇന്ത്യ ലിമിറ്റഡ്, ഓപൽ ആർടി ടെക്നോളജീസ്, ഫ്ലൂക് കോർപറേഷൻ, എൻഐടി വിദ്യാർഥികൾ എന്നിവരുടെ പ്രദർശനവും നടക്കുന്നുണ്ട്.

Post a Comment

0 Comments