ഇനി വാഹന റജിസ്ട്രേഷന് ആർടി ഓഫിസിൽ ക്യൂ നിൽകേണ്ട; വാഹൻ സാരഥി എത്തികോഴിക്കോട്:വാഹനങ്ങൾ റജിസ്റ്റർ ചെയ്യാൻ ഇനി ആർടി ഓഫിസിലെ നീളൻ ക്യൂവിൽ തിക്കിത്തിരക്കേണ്ട. മോട്ടോർ വാഹന വകുപ്പിന്റെ കേന്ദ്രീകൃത വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയറായ വാഹൻ സാരഥി ജില്ലയിലെ ഓഫിസിലും പ്രവർത്തനം തുടങ്ങി. ഇനി ഓൺലൈനായി അപേക്ഷകൾ നൽകാം.ഒരുമിച്ചു വാഹനും സാരഥിയും

രാജ്യത്തെ മുഴുവൻ വാഹനങ്ങളുടെ റജിസ്ട്രേഷൻ മുതൽ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ വരെ ഏതു സംസ്ഥാനത്തും എളുപ്പത്തിൽ കണ്ടെത്താമെന്നതാണ് വാഹൻ സാരഥിയുടെ പ്രത്യേകത. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ് വാഹൻ സാരഥി ആർടി ഓഫിസുകളിൽ നിർബന്ധമാക്കാൻ നിർദേശം നൽകിയത്. രാജ്യത്തെ മുഴുവൻ വാഹനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

എന്നാൽ പ്രവർത്തന മണ്ഡലത്തിലേക്ക് കടക്കുമ്പോൾ വാഹൻ സാരഥി രണ്ടായി പിരിയും. ഡ്രൈവിങ് ലൈസൻസ് മുതൽ ഡ്രൈവറുടെ വിലാസം അടക്കമുള്ളവ വിവരങ്ങൾ സാരഥിയിലൂടെയും വാഹനങ്ങളുടെ താൽക്കാലിക–സ്ഥിര റജിസ്ട്രേഷൻ, വാഹന ഉടമയുടെ വിലാസം അടക്കമുള്ളവ വാഹനിലൂടെയുമാണ് റജിസ്റ്റർ ചെയ്യുന്നത്. രണ്ടു മാസം മുൻപ് സാരഥിയുടെ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചെങ്കിലും വാഹൻ കഴിഞ്ഞ ദിവസമാണ് പ്രവർത്തനം തുടങ്ങിയത്. സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ പതിപ്പായ വാഹൻ 4 ആണ് ജില്ലയിൽ ഉപയോഗിക്കുന്നത്.

 മാറ്റങ്ങൾ എങ്ങനെ?

പേപ്പർ ഉപയോഗം കുറയ്ക്കുകയും വ്യക്തവും സ്പഷ്ടവുമായ ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതിനുമാണ് വാഹൻ ഉപയോഗിച്ചുള്ള റജിസ്ട്രേഷൻ ആരംഭിച്ചത്. മുൻപ് വാഹനത്തിന്റെ വിശദാംശങ്ങൾ വിവരിക്കുന്ന ഫോം 21, 22, 20 എന്നിവയും പേര്, പ്രായം, വിലാസമടക്കം തെളിയിക്കുന്ന രേഖകളുമായി ആർടി ഓഫിസിലെത്തുകയായിരുന്നു പതിവ്. ഇനി  ഈ രേഖകൾ, ഫോട്ടോ, ഒപ്പ് അടക്കമുള്ളവ സ്കാൻ ചെയ്ത് വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സാരഥിയിലൂടെ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നതും ഇങ്ങനെ തന്നെ. ഇവയ്ക്കു പുറമേ മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓൺലൈൻ അധിഷ്ഠിത ഇ–സേവനങ്ങളും ലഭിക്കും.

ഇഷ്ട നമ്പറുകളുടെ ലേലവും ഇനി വാഹനിലൂടെയാവും. ലേലം വിളിക്കുന്നയാളിന്റെ വിവരങ്ങൾ പരസ്യമാക്കില്ലെങ്കിലും ഉയർന്ന തുക ലേലത്തിൽ പങ്കെടുക്കുന്നവർക്ക് കാണാൻ സാധിക്കും. www.parivahan.gov.in വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. നിലവിൽ പുതിയ വാഹനങ്ങൾക്കാണ് റജിസ്ട്രേഷനെങ്കിലും ഭാവിയിൽ വാഹന റജിസ്ട്രേഷനിലെ ക്രമക്കേടുകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നതാണ് വാഹൻസാരഥിയുടെ പ്രത്യേകത. അതായത് ജോയിന്റ് ആർടി ഓഫിസ് പരിധിയിൽ താൽക്കാലിക വാഹന റജിസ്ട്രേഷൻ നടത്തി മുങ്ങുന്ന പതിവിന് ഇതോടെ അവസാനമാകുമെന്ന ആശ്വാസത്തിലാണ് ഉദ്യോഗസ്ഥർ.

Post a Comment

0 Comments