മലബാറിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാൻ ഏറനാട്‌ ലൈൻ പാക്കേജ്‌ പദ്ധതി ആരംഭിച്ചു


രാമനാട്ടുകര:ഉത്തരകേരളത്തിലെ ഭാവിയിലെ വൈദ്യുതി ആവശ്യം മുന്നിൽക്കണ്ട്‌ വൈദ്യുതി സുഗമമായി എത്തിക്കുന്നതിന്‌ ഏറനാട്‌ ലൈൻ പാക്കേജ്‌ പദ്ധതി തുടങ്ങി. കേന്ദ്രസർക്കാരിന്റെ പവർസിസ്റ്റം ഡെവലപ്പ്‌മെന്റ്‌ ഫണ്ടിൽ നിന്ന്‌ 520 കോടി രൂപ ചെലവിട്ട്‌ തൃശ്ശൂർ മാടക്കത്തറ 440 കെ.വി. സബ്‌ സ്റ്റേഷനിൽനിന്ന്‌ നല്ലളം 220 കെ.വി. സബ്‌ സ്റ്റേഷനിലേക്ക്‌ 220/110 കെ.വി. മൾട്ടി സർക്യൂട്ട്‌ മൾട്ടി വോൾട്ടേജ്‌ ടവർലൈനുകൾ നിർമിക്കുകയാണ്‌ ലക്ഷ്യം.



മാടക്കത്തറയിൽനിന്ന്‌ കിഴിശ്ശേരി സബ്‌സ്റ്റേഷൻ വരെ ടവർ നിർമാണവും ലൈൻ വലിക്കലും പൂർത്തിയായിക്കഴിഞ്ഞു. കിഴിശ്ശേരിയിൽനിന്ന്‌ നല്ലളം സബ്‌സ്റ്റേഷനിലേക്കുള്ള ടവർ നിർമാണം അവസാന ഘട്ടത്തിലാണ്‌. പുളിക്കൽ, വാഴയൂർ, ചെറുകാവ്‌, ഒളവണ്ണ, നല്ലളം, ചെറുവണ്ണൂർ വില്ലേജുകളിൽ 60 വർഷം മുമ്പ്‌ വൈദ്യുതി ബോർഡ്‌ നിർമിച്ച ഹൈടെൻഷൻ വൈദ്യുതി ടവറുകൾ പൊളിച്ചുമാറ്റിയാണ്‌ പുതിയ 50 മീറ്റർ ഉയരമുള്ള ടവറുകൾ നിർമിക്കുന്നത്‌. കിഴിശ്ശേരിയിൽനിന്ന്‌ നല്ലളത്തേക്ക്‌ 39 വലിയ ടവറുകളാണ്‌ നിർമിക്കേണ്ടത്‌. ഇതിൽ 29 എണ്ണത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള ടവറുകളുടെ അടിത്തറനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്‌. 2019 ജൂൺ അവസാനം ലൈൻ ചാർജുചെയ്യുന്ന വിധത്തിലാണ്‌ ഇപ്പോൾ നിർമാണപ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്‌. പഴയ ലൈനിൽ 110 കെ.വി.യുടെ 2 ഡബിൾ ലൈൻ മാത്രമാണ്‌ ഉണ്ടായിരുന്നത്‌.

നിർമാണം പൂർത്തിയായാൽ പുതിയ ടവർ ലൈനിൽക്കൂടി 220/110 കെ.വി. മൾട്ടി സർക്യൂട്ട്‌ ലൈൻവഴി 2000 മെഗാവാട്ട്‌ വൈദ്യുതി എത്തിക്കുന്നതിന്‌ കഴിയും. ഹൈ വോൾട്ടേജ്‌ ഡയറക്ട്‌ കറന്റ്‌ (എച്ച്‌.വി.ഡി.സി.) ആണ്‌ ടവർ ലൈനിലൂടെ പ്രവഹിക്കുക. കിഴിശ്ശേരി സബ്‌സ്റ്റേഷനിൽ നിന്ന്‌ ചേളാരി, പരപ്പനങ്ങാടി സബ്‌സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി വിതരണം പുതിയ ലൈനുകളിലൂടെയാണ്‌ നടത്തുന്നത്‌.

Post a Comment

0 Comments