കോഴിക്കോട്:നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി രണ്ടു റോഡുകളുടെ സർവേ പൂർത്തിയായി. ആകെ പത്ത് റോഡുകളും ഒരു മേൽപ്പാലവുമാണ് രണ്ടാംഘട്ടത്തിൽ വരുന്നത്. സംസ്ഥാന സർക്കാർ കേരള റോഡ് ഫണ്ട് ബോർഡ് വഴി നടപ്പാക്കുന്ന പദ്ധതിയുടെ ഡി.പി.ആർ. (ഡീറ്റൈയിൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിനാണ് സർവേ നടത്തുന്നത്.
മാങ്കാവ്-പൊക്കുന്ന്-പന്തീരാങ്കാവ്, കരിക്കാംകുളം-സിവിൽ സ്‌റ്റേഷൻ റോഡുകളുമായി ബന്ധപ്പെട്ട വിവരശേഖരണമാണ് ഏതാണ്ട് പൂർത്തിയായത്. മാനാഞ്ചിറ-പാവങ്ങാട്, പുതിയങ്ങാടി-തണ്ണീർപന്തൽ, വെസ്റ്റ്ഹിൽ ചുങ്കം-ഭട്ട്‌റോഡ്, മിനി ബൈപാസ്-പനാത്ത് താഴം, കല്ലുത്താൻ കടവ്-മീഞ്ചന്ത, കോതിപ്പാലം-ചക്കുംകടവ്-പന്നിയങ്കര എന്നിവയാണ് മറ്റ് റോഡുകൾ. നേരത്തേ നിശ്ചയിച്ചതിൽനിന്ന് വ്യത്യസ്തമായി ചില റോഡുകളുടെ നീളത്തിന്റെയും മറ്റും കാര്യത്തിൽ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്.
മൂഴിക്കൽ-കാളാണ്ടിതാഴം, കോവൂർ-മെഡിക്കൽ കോളേജ്-മുണ്ടിക്കൽത്താഴം, കരിക്കാംകുളം-സിവിൽ സ്‌റ്റേഷൻ-കോട്ടൂളി റോഡുകളുടെ ഡി.പി.ആർ. നേരത്തേതന്നെ തയ്യാറാക്കിയിരുന്നു. മാനാഞ്ചിറ-പാവങ്ങാട് റോഡ് നാല് വരിയും മറ്റുള്ളവ രണ്ടുവരിയുമായാണ് നവീകരിക്കുക.
സരോവരം ബയോപാർക്കിന് സമീപത്തുകൂടിയാണ് മേൽപ്പാലം വരിക. കെ.പി. ചന്ദ്രൻ റോഡിൽനിന്ന് തുടങ്ങി മിനി ബൈപാസ്, കനോലി കനാൽ, കളിപ്പൊയ്ക എന്നിവയുടെ മുകളിലൂടെയാണ് പാലം. കനോലി കനാലിനു കുറുകേ ഏഴ് മീറ്റർ ഉയരത്തിലായിരിക്കും പാലം. ഈ ഭാഗത്തുള്ള കണ്ടൽക്കാടുകൾക്ക് ദോഷം വരാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുക.
കെട്ടിടങ്ങൾ, വാഹന സർവീസ്, മണ്ണ് എന്നിവയെല്ലാം വിവരശേഖരണത്തിൽ ഉൾപ്പെടുന്നുണ്ട്. സിനർജി ആർക്കിടെക്ട് ആൻഡ് എൻജിനിയേഴ്‌സ് എന്ന കമ്പനിയാണ് സർവേ നടത്തുന്നത്. ജൂണിൽ തുടങ്ങിയ സർവേ സെപ്റ്റംബറോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇതിന്റെ റിപ്പോർട്ടിനുശേഷം പൊതുമരാമത്ത് വിഭാഗം ഡി.പി.ആർ. തയ്യാറാക്കുകയും റോഡ് ഫണ്ട് ബോർഡിന് കൈമാറുകയും ചെയ്യും. സർവേ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർ പ്രവർത്തനം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
0 Comments