കോഴിക്കോട്: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കി, കോഴിക്കോട് മെഡിക്കൽ കോളേജ് ഇന്ത്യയിൽ ഒന്നാമത്. നാലര ലക്ഷം പേർക്ക് 40 കോടിയുടെ സൗജന്യ ചികിത്സ നൽകിയാണ് ഒന്നാമതെത്തിയത്. ആർഎസ്ബിവൈ, ചിസ്, കാരുണ്യ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളെ ഏകോപിപ്പിച്ച് കേരള സർക്കാർ ആവിഷ്കരിച്ച ‘കാസ്പ്’ പദ്ധതിയിലൂടെയാണ് മെഡിക്കൽ കോളേജ് ഈ നേട്ടം കൈവരിച്ചത്.
കാസ്‌പ് നിലവിൽ വന്ന 2019 ഏപ്രിൽ ഒന്നു മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ ഇതു വ്യക്തമാക്കുന്നു. പദ്ധതി നടപ്പാക്കിയ രീതിയെക്കുറിച്ച് അറിയാൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ ജി സജീത്ത് കുമാറിനെ പ്രധാനമന്ത്രിയും കേന്ദ്ര ആരോഗ്യ മന്ത്രിയും പങ്കടുത്ത ദേശീയ ശിൽപ്പശാലയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ച് ജില്ലകളിൽ നിന്നുള്ള രോഗികൾ ചികിത്സക്കായി എത്തുന്നുണ്ട്. ജില്ലയിൽ മെഡിക്കൽ കോളേജ് ഉൾപ്പടെ 16 സർക്കാർ ആശുപത്രികളെയും 20 സ്വകാര്യ ആശുപത്രികളെയുമാണ് പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തത്. 40 കോടിയിൽ 28 കോടി മെഡിക്കൽ കോളേജ് ആശുപത്രി വഴിയാണ് നൽകിയത്.
ഒരു കുടുംബത്തിന് വർഷത്തിൽ അഞ്ചുലക്ഷം രൂപയുടെ ചികിത്സയാണ് നൽകുന്നത്. നേരത്തെ അത് മുപ്പതിനായിരമായിരുന്നു. നേരത്തെ വിവിധ പദ്ധതികളിൽ ഉണ്ടായിരുന്നവരെയും ഇതുവരെ ഇല്ലാതിരുന്നവരെയും ഉൾപ്പെടുത്തി കാർഡ് നൽകിയതായി കാസ്‌പിന്റെ നോഡൽ ഏജൻസിയായ ചിയാക്കിന്റെ പ്രോജക്ട് മാനേജർ ഡോ. ബി പി അരുൺ പറഞ്ഞു. ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ടിട്ടില്ലാത്ത റേഷൻകാർഡിൽ പേരുള്ള അംഗത്തെ ചികിത്സാ സമയത്ത് പദ്ധതിയിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും സംവിധാനമൊരുക്കിയതായും അദ്ദേഹം പറഞ്ഞു.
0 Comments