മാവൂര്‍ പഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണാക്കി ജില്ലാ കലക്ടർ ഉത്തരവിറക്കി



മാവൂർ: കോഴിക്കോട് താലൂക്കിൽപ്പെട്ട മാവൂർ ഗ്രാമപഞ്ചായത്തിലെ വ്യക്തികൾക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും വ്യക്തികളിൽ ഒരാൾക്ക് പഞ്ചായത്തിലെ പല വ്യക്തികളുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നതായി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ കലക്ടർ എസ് സാംബശിവ മാവൂർ ഗ്രാമ പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.



കൂടുതൽ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് സെക്ഷൻ 4 പ്രകാരവും 2005 ലെ ദുരന്തനിവാരണനിയമം സെക്ഷൻ 34 എ, ബി പ്രകാരവുമാണ് നടപടി.

കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടവർ അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്ത് പോകുന്നതും മറ്റുള്ളവർ മാവൂർ ഗ്രാമപഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. ആരോഗ്യകേന്ദ്രങ്ങൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ എട്ട് മണിമുതൽ അഞ്ചു മണിവരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളു.

പഞ്ചായത്തിന് പുറത്തുനിന്ന് അവശ്യവസ്തുക്കൾ ആവശ്യമായിവരുന്നപക്ഷം വാർഡ്തല ദ്രുതകർമസേനയുടെ സഹായം തേടാം. പഞ്ചായത്തിൽ താമസിക്കുന്നവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ഉറപ്പാക്കാൻ കലക്ടർ നിർദ്ദേശിച്ചു. പഞ്ചായത്തിലെ സ്റ്റേറ്റ് ഹൈവേ ഒഴികെയുള്ള റോഡുകളിൽ പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യസഹായം എന്നിവയ്ക്കുള്ള വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല.



പഞ്ചായത്തിന്റെ പരിധിയിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംചേരുന്നതും വാണിജ്യ- വ്യാപാര സ്ഥാപനങ്ങളിൽ അഞ്ചിലധികം ആളുകൾ ഒരേസമയം എത്തിച്ചേരുന്നതും കർശനമായി നിരോധിച്ചു. മാവൂർ പഞ്ചായത്തിൽ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാപോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിയ്ക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188,269 വകുപ്പുകൾ പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ ഉത്തരവിൽ അറിയിച്ചു.

Post a Comment

0 Comments