കോഴിക്കോട് സൈബര്‍പാര്‍ക്കിന് വമ്പൻ ഓഫറുമായി അമേരിക്കൻ ഐടി കമ്പനി.





കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ അരയേക്കര്‍ ഏറ്റെടുത്ത് സംരംഭം തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി. കമ്പനി രംഗത്ത്. ഇരുപത് വര്‍ഷത്തിലധികമായി അമേരിക്ക, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒന്‍ടാഷ് എന്ന കമ്പനിയാണ് സൈബര്‍പാര്‍ക്ക് അധികൃതര്‍ക്ക് താത്പര്യമറിയിച്ചുകൊണ്ട് അപേക്ഷ നല്‍കിയത്.

സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കിയാല്‍ മതി. വികസിപ്പിക്കാമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. കോഴിക്കോട് സൈബര്‍പാര്‍ക്കിനെ ആദ്യമായാണ് ഇത്രയും വലിയ ഓഫറുമായി ഒരു കമ്പനി സമീപിക്കുന്നത്. കാമ്പസ് സൈബര്‍പാര്‍ക്കിന്റെതാണെങ്കിലും ഭൂമി കെ.എസ്.ഐ.ടി.എല്ലിന്റെ കൈവശമായതിനാല്‍ അപേക്ഷ അവര്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയില്‍പ്പെട്ട സ്ഥലവുമാണ്. ഇനി തീരുമാനമെടുക്കേണ്ടത് KSITL-ാൺ.

സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റാണ് ഒന്‍ടാഷിന്റെ പ്രധാന മേഖല. ഇവര്‍ക്ക് കോഴിക്കോട്ട് നിലവില്‍ ഓഫീസുണ്ട്. 43 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിനുള്ളത്. ഇതില്‍ ഒരു ഐ.ടി. കെട്ടിടം മാത്രമേയുള്ളൂ. സര്‍ക്കാരിന് പണം മുടക്കാതെ ഐ.ടി. കെട്ടിടമൊരുങ്ങുമെന്നാണ് ഇതുകൊണ്ടുള്ള പ്രയോജനം. എന്നാല്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ ഒരുപാട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതോടൊപ്പം എക്സ്പോര്‍ട്ട് ക്യൂബ് എന്ന ദുബായ് ആസ്ഥാനമായുള്ള കമ്പനി സൈബര്‍പാര്‍ക്കില്‍ രണ്ടായിരം ചതുരശ്രഅടി സ്ഥലം ബുക്ക് ചെയ്തിട്ടുണ്ട്. മറ്റ് മൂന്നു കമ്പനികള്‍കൂടെ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും സൈബര്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.

Kozhikode District Facebook Page