കല്ലായിപ്പുഴ ആഴംകൂട്ടൽ:1.30 ലക്ഷം ക്യുബിക് മീറ്റർ ചെളി നീക്കംച്ചെയ്യണം


കോഴിക്കോട്:കല്ലായിപ്പുഴയുടെ ആഴംകൂട്ടുന്നതിനു മുന്നോടിയായുള്ള ഹൈഡ്രോഗ്രഫിക് സർവേയുടെ റിപ്പോർട്ട് തയ്യാറായി. പുഴയുടെ ആഴംകൂട്ടാനായി എവിടെയെല്ലാം എത്രത്തോളം ചെളിനീക്കണമെന്നു വിശദമാക്കുന്ന ചാർട്ടാണ് ഹൈഡ്രോഗ്രഫിക് സർവേയിൽ തയാറാക്കുന്നത്.

കോതിപ്പാലം മുതൽ 4.5 കിലോമീറ്റർ നീളത്തിലുള്ള പുഴയിൽ ആഴംകൂട്ടാനായി 1.30 ലക്ഷം ക്യുബിക് മീറ്റർ ചെളി നീക്കണമെന്നാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.  കോതിപ്പാലത്തോടുചേർന്നും മൂര്യാട് ഭാഗത്തുമെല്ലാം  വലിയ അളവിൽ മണലും ചെളിയുമെല്ലാം നീക്കേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ട്.

കനോലി കനാൽ പുഴയിൽ ചേരുന്ന ഭാഗത്തെ കണ്ടൽക്കാടുകളും ഇതോടൊപ്പം നീക്കേണ്ടിവരും. എന്നാൽ ഇതിനോടുചേർന്ന് ആഴംകൂടിയ ഭാഗങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് ചീഫ് ഹൈഡോഗ്രഫർക്ക് അയച്ചെന്ന് ഉത്തരമേഖല മറൈൻ സർവേയർ പി.ടി. തോമസ്കുട്ടി അറിയിച്ചു.

ജലസേചന വകുപ്പ് നടപ്പാക്കുന്ന കല്ലായിപ്പുഴ നവീകരണ പദ്ധതിയുടെ മുന്നോടിയായാണ് ഹൈഡ്രോഗ്രഫിക് സർവേ നടത്തിയത്. സമുദ്രനിരപ്പിൽനിന്ന് പുഴയുടെ അടിത്തട്ടിലേക്ക് 2.2 മീറ്റർ ആഴമാണ് ലക്ഷ്യമിടുന്നത്. ചീഫ് ഹൈഡ്രോഗ്രഫറുടെ അംഗീകാരം ലഭിച്ചാൽ റിപ്പോർട്ട് ജലസേചന വകുപ്പിന് കൈമാറും. പുഴയിൽ കടുപ്പിനി മുതൽ ബേപ്പൂർ കനാൽ ചേരുന്നഭാഗം വരെ രണ്ടുകിലോമീറ്റർ ദേശീയ ജലപാതയിൽ ഉൾപ്പെടുന്നതാണ്.

കല്ലായിപ്പുഴയിലെ ഒഴുക്കു വർധിപ്പിക്കാനാണ് ചെളിനീട്ടി ആഴംകൂട്ടുന്നത്. ഇതിനായി റിവർ മാനേജ്മെന്റ് ഫണ്ടിന്റെ പണം ഉപയോഗിക്കും.  ഹൈഡ്രോഗ്രഫിക് സർവേ റിപ്പോർട്ട് ഉപയോഗിച്ച് ജലസേചനവകുപ്പ് പുതിയ ഡിപിആർ ഉണ്ടാക്കി സർക്കാരിനു സമർപ്പിക്കും.

കനോലി കനാലിന്റെ നവീകരണത്തിനും കല്ലായിപ്പുഴയുടെ ആഴംകൂട്ടേണ്ടത് അത്യാവശ്യമാണ്. കല്ലായിപ്പുഴയെയും കനോലി കനാലിനെയും ഉൾപ്പെടുത്തി ടൂറിസത്തിനും പ്രാധാന്യം നൽകുന്ന മാസ്റ്റർ പ്ലാൻ കലക്ടർ യു.വി. ജോസിന്റെ മേൽനോട്ടത്തിൽ തയാറായി വരികയാണ്.