കഴിഞ്ഞ വർഷമാണ് ബീച്ചിൽ ആകാശവാണി നിലയത്തിനു സമീപവും മാനാഞ്ചിറയിലും മറ്റു ചില ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തിയത്. തുടക്കത്തിൽ ഈ കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കുണ്ടായിരുന്നു. എന്നാൽ സ്വകാര്യ ടെലികോം കമ്പനികൾ സൗജന്യ ഇന്റർനെറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയതോടെ യുവാക്കളും വിദ്യാർഥികളുമായ ഗുണഭോക്താക്കൾ പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈയെ കൈവിടുകയായിരുന്നു.
സംസ്ഥാന സർക്കാർ കേരളത്തിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന 2000 സൗജന്യ വൈഫൈ ഹോട്ട് സ്പോട്ടുകളുടെ ഭാഗമായാണ് കോർപറേഷൻ പരിധിയിൽ 46 കേന്ദ്രങ്ങളിൽ പുതുതായി ഈ സംവിധാനം നിലവിൽ വരുന്നത്.
ജില്ലയുടെ ഭരണസിരാകേന്ദ്രമായ സിവിൽസ്റ്റേഷൻ പരിസരം, മെഡിക്കൽ കോളജ് പരിസരം, ബീച്ച്, കോട്ടപ്പറമ്പ് ജനറൽ ആശുപത്രി പരിസരങ്ങൾ, പാളയം, മെഫ്യുസിൽ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി പരിസരങ്ങൾ, മാനാഞ്ചിറ സ്ക്വയർ, ബീച്ച്, സരോവരം പരിസരങ്ങൾ എന്നിവിടങ്ങളിലാണ് സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുന്നത്.
ബിഎസ്എൻഎൽ ആണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ പ്രധാന സർക്കാർ ഓഫിസുകളിലെല്ലാം ഈ സംവിധാനം ലഭ്യമാകും. 10 മുതൽ 30 മെഗാബൈറ്റ് വരെയായിരിക്കും സ്പീഡ്. 300 എംബി കഴിഞ്ഞുള്ള ഉപയോഗത്തിനു പണം ഈടാക്കിയേക്കും. എന്നാൽ സർക്കാർ വെബ്സൈറ്റുകൾ 300 എംബിക്കപ്പുറവും സൗജന്യമായിരിക്കും.