മീഞ്ചന്ത ഗവ. കോളജ് വികസനത്തിന് 100 കോടിയുടെ പദ്ധതി



കോഴിക്കോട്∙ മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് നവീകരണത്തിനായി 100 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാകുന്നു. കിഫ്ബിയിൽ അനുവദിച്ച തുകയിലുൾപ്പെടുത്തിയാണ് നവീകരണ പദ്ധതി തയാറാക്കുന്നത്. കോളജിൽ ഓഡിയോ- വിഷ്വൽ തിയറ്ററും സജ്ജമാക്കും. കലക്ടർ യു.വി. ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന കോളജ് വികസന സമിതി യോഗത്തിലാണ് തീരുമാനം.

കോളജിനോടനുബന്ധിച്ചുള്ള ലേഡീസ് ഹോസ്റ്റലിലെ ജലക്ഷാമം പരിഹരിക്കാൻ ജപ്പാൻ കുടിവെള്ള പദ്ധതി സൗകര്യം ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. കോളജിന് മുന്നിലെ റോഡിൽ ഉണ്ടാകുന്ന അപകടങ്ങൾ തടയാൻ സ്പീഡ് ബ്രേക്കർ സംവിധാനം സ്ഥാപിക്കുന്ന കാര്യം റോഡ് സേഫ്റ്റി കൗൺസിലിൽ അവതരിപ്പിക്കും.

വി.കെ.സി. മമ്മദ് കോയ എംഎൽഎ, സബ് കലക്ടർ വി.വിഘ്നേശ്വരി, ഡോ.എം.കെ. മുനീർ എംഎൽഎയുടെ പി.എ കാദിരിക്കോയ, മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ പി.എ. ശിവരാമകൃഷ്ണൻ, കോളജ് യൂണിയൻ ചെയർമാൻ ടി.അജയ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.