കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് മുഖം മിനുക്കുന്നു.
കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കോർപ്പറേഷന്റെ നേതൃത്വത്തില്‍ നവീകരിക്കാന്‍ പദ്ധതി ആരംഭിക്കുന്നു. നഗരത്തിന്റെ മുഖഛായ മാറ്റുന്ന വിധത്തിലാണ് സ്റ്റാന്‍ഡ് നവീകരിക്കുന്നത്. നിലവില്‍ 4.8 മീറ്റര്‍ ഉയരമുള്ള ബസ്‌ബേയുടെ മുകള്‍ഭാഗത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ വിശ്രമമുറികള്‍ ഒരുക്കുന്നതാണ് നവീകരണത്തിലെ പ്രധാന ആകര്‍ഷക ഘടകം.

ബസ്‌ബേയ്ക്കു മുകളില്‍ താത്ക്കാലികമായി ഒരു നിലകൂടി നിര്‍മിച്ചാവും വിശ്രമകേന്ദ്രം സ്ഥാപിക്കുക. അവിടെയിരുന്നാല്‍ ബസുകള്‍ സ്റ്റാന്‍ഡിലേക്ക് വരുന്നതും പോകുന്നതും കാണാനാവും. വിശ്രമമുറിയില്‍ നിന്ന് നേരിട്ട് പ്രവേശിക്കത്തക്കവിധം ടോയ്ലറ്റുകളും സ്ഥാപിക്കും. നിലവില്‍ മാവൂര്‍റോഡ് ഭാഗത്തുനിന്നും രാജാജിറോഡ് വഴിയും ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇത് ഗതാഗതകുരുക്കിന് കാരണമാകുന്നതിനാല്‍ പ്രവേശനം മാവൂര്‍റോഡിലൂടെ മാത്രമാക്കി ചുരുക്കാനാണ് ആലോചന. എല്ലാ ബസുകളും രാജാജിറോഡ് വഴി പുറത്തേക്ക് പോകണം. സ്റ്റാന്‍ഡിലെ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് മറ്റുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് അനുവദിക്കുന്ന കാര്യവും ആലോചനയിലുണ്ട്.

നടപ്പാത കൈയേറിയും ചിതറിയും കിടക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് അടുക്കും ചിട്ടയും കൊണ്ടുവരും. കച്ചവടസ്ഥാപനങ്ങളെ വിവിധ ക്ളസ്റ്ററുകളായി തിരിച്ച് ഓരോ ക്‌ളസ്റ്ററിനും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. യാത്രക്കാര്‍ നടക്കുന്ന ഇടങ്ങളില്‍ കച്ചവടം അനുവദിക്കില്ല. മൊത്തം ടോയ്ലറ്റ് സംവിധാനം പൊളിച്ചുമാറ്റി നൂതന രീതിയില്‍ നവീകരിക്കും.

ബസ്‌ബേയുടെ മുകളില്‍ ' റ ' ആകൃതിയിലുള്ള റൂഫ് പൊളിച്ചുമാറ്റിയായിരിക്കും രണ്ടാമത്തെ നില നിര്‍മിക്കുക. ബസ്‌ബേയ്ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും ഇടയിലുള്ള ഭാഗത്ത് കോണ്‍ക്രീറ്റ് മേല്‍ക്കൂര നിര്‍മിച്ച് അവിടെ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഒരുക്കാനും പദ്ധതിയുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിശദീകരിച്ചു.